നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. നടന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം.
പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു നവാസ്. സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ മുറികള്‍ ഒഴിഞ്ഞു പോയിട്ടും ഏറെ നേരമായി നവാസിനെ കാണാത്തതിനെ തുടര്‍ന്ന് റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി
കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചോറ്റാനിക്കര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ് അന്ത്യം സംഭവിച്ചത്. പുറമേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സഹതാരങ്ങള്‍ നല്‍കുന്ന വിവരം. നടന്റെ മരണവാര്‍ത്ത അറിഞ്ഞ് കൊച്ചിയിലുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അനുകരണകലയില്‍ തന്റേതായ ശൈലിയിലൂടെ വളര്‍ന്നു വന്ന താരമാണ് കലാഭവന്‍ നവാസ്. സമീപകാലത്ത് ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. മിമിക്രി താരം, ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. സിനിമകളില്‍ ചെറിയ റോളുകള്‍ ആയിരുന്നെങ്കില്‍ പോലും അത് പ്രേക്ഷകര്‍ എന്നും ഓര്‍മിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നാടക, ടെലിവിഷന്‍, സിനിമ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായിരുന്നു. മിമിക്രിയിലൂടെയാണ് കലാജീവിതം തുടങ്ങിയത്. കലാഭവനില്‍ ചേര്‍ന്നതോടെ പ്രശസ്തിയിലേക്കുയര്‍ന്നു. കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി സിനിമകളില്‍ വീണ്ടും സജീവമാകുമ്പോഴാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തില്‍ മികച്ച വേഷം ചെയ്തിരുന്നു. സ്വഭാവ നടനെന്ന നിലയില്‍ കഴിവു തെളിയിക്കുമ്പോഴാണ് മരണം തേടി എത്തിയത്.
സംവിധായകന്‍ ബാലുകിരിയത്ത് മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാകാരന്മാരില്‍ ഒരാളാണ് നവാസ്. ഹിറ്റ്ലര്‍ ബ്രദേഴ്സ് (1997), ജൂനിയര്‍ മാന്‍ഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാന്‍ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) എന്നീ സിനിമകളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
സിനിമാ നടനായ അബൂബക്കര്‍ ആണ് പിതാവ്. പ്രശസ്ത നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. കലാഭവന്‍ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ സഹോദരന്‍ നിയാസ് ബക്കറുമായി ചേര്‍ന്ന് നിരവധി മിമിക്രി ഷോകള്‍ ചെയ്തിരുന്നു. 1995-ല്‍ ചൈതന്യം എന്ന ഫീച്ചര്‍ ചിത്രത്തിലൂടെയാണ് നവാസ് അരങ്ങേറ്റം കുറിച്ചത്.
ആലുവ ചൂണ്ടിയാണ് സ്വദേശം. ചലച്ചിത്ര താരം രഹനയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.












Click it and Unblock the Notifications