കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി: അധികമുള്ള ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് എംഡി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് കെഎസ്ആര്‍ടിസി. നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസിയെ കുറിച്ച് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്.
എന്നാല്‍ ഇപ്പോഴിതാ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിര്‍ണായക തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എംഡി ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ചില നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചത്.

കെഎസ്ആര്‍ടിസിയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അധികമുള്ള സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തത് പോലെ 50% ശമ്പളം കൊടുത്തു ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പളം നല്‍കാന്‍ ഉള്‍പ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ഓരോ മാസവും കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിക്കുന്നത്. നേരത്തെ 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. വളരെയധികം ജീവനക്കാര്‍ അധികമായി നില്‍ക്കുന്നുണ്ട്. നയപരമായ ഈ വിഷയം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി അറിയിച്ചു.

കെഎസ്ആര്‍ടിസി നിലവില്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ഇതിനായി മുഴുവന്‍ ജീവനക്കാരുടേയും യൂണിയന്‍ പ്രതിനിധികളുടേയും സഹകരണം മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകള്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതില്‍ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സിഎംഡി അറിയിച്ചു. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിയാക്കും. ഇതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കും. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കണമെന്നും സിഎംഡി അറിയിച്ചു.

ബെവ്‌കോ ഔട്ട്‌ലൈറ്റുകള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിഎംഡി അറിയിച്ചു. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ മുഴുവനും വര്‍ക്ക് ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, അല്ലെങ്കില്‍ കെഎസ്ആര്‍ടിസിക്ക് വിവിധ സ്ഥലങ്ങളില്‍ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളില്‍ ആണെന്നും അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കാം, ഇതു സംബന്ധിച്ച് ജീവനക്കാര്‍ക്ക് യാതൊരു ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സിഎംഡി അറിയിച്ചു.

നിലവില്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുതിയതായി സര്‍വ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാല്‍ ഉച്ച സമയത്ത് യാത്രക്കാര്‍ പോലും ഇല്ലാതെയാണ് പല സര്‍വ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സര്‍വ്വീസുകള്‍ ഒഴിവാക്കിയാലെ ഇനി പിടിച്ച് നില്‍ക്കാനാകൂ. ജൂണ്‍ മാസത്തില്‍ വരുമാനം 21.26 കോടിയും, ഡീസലിനായി നല്‍കിയത് 17.39 കോടിയുമാണ്, ജൂലൈയില്‍ വരുമാനം 51.04 കോടി, ഡീസല്‍ ചിലവ് 43.70 കോടി, ആഗസ്റ്റില്‍ വരുമാനം 75.71 കോടി, ഡീസല്‍ ചിലവ് 53.33 കോടി രൂപയുമാണ്.
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications