സതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി
പറവൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം പറവൂരില്‍ സംഘടിപ്പിച്ച ശോഭാ യാത്ര ഉദ്ഘാടനം ചെയ്തത് എ ഐ സി സി അംഗവും മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ വത്സല പ്രസന്നകുമാര്‍. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു അടക്കം പങ്കെടുത്ത പരിപാടിയിലാണ് വത്സല പ്രസന്നകുമാര്‍ ഉദ്ഘാടകയായത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലത്തില്‍ നടന്ന സംഭവം കോണ്‍ഗ്രസ് നേതൃത്വത്തിലും ഞെട്ടലുണ്ടാക്കി. സംഘപരിവാര്‍ നേതാക്കളോടൊപ്പം കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്. മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലും അണികളിലും അമര്‍ഷമുണ്ട്. പെരുവാരം ക്ഷേത്രനടയില്‍ ആണ് പരിപാടി നടന്നത്.

ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു അടക്കം ഒട്ടേറെ സംഘപരിവാര്‍ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 10 വര്‍ഷം നഗരസഭ അധ്യക്ഷയായിരുന്നു വത്സല പ്രസന്നകുമാര്‍. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനോട് ചേര്‍ന്നായിരുന്നു വത്സല പ്രസന്നകുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുമായും പൊതുരംഗവുമായി അകന്നു കഴിയുകയാണ് വത്സല പ്രസന്നകുമാര്‍.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്ന ചുമതലയും വഹിച്ചിരുന്ന നേതാവാണ് വത്സല പ്രസന്നകുമാര്‍. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ സഹായം അഭ്യര്‍ഥിച്ച് വി ഡി സതീശന്‍, തന്നെ സമീപിച്ചിരുന്നു എന്ന് ആര്‍ വി ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നലെ ബാലഗോകുലം പരിപാടിയിലെ കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം സി പി ഐ എം സൈബറിടത്തില്‍ ആയുധമാക്കുന്നുണ്ട്.

വി ഡി സതീശന്റെ സ്വന്തം മണ്ഡലമാണ് പറവൂര്‍. അതേസമയം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് കഴിഞ്ഞ ആാഴ്ച ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം സി പി ഐ എമ്മിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ മുന്‍ കെ പി സി സി സെക്രട്ടറി തന്നെ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായി.

പ്രതിപക്ഷ വി ഡി സതീശന്‍ ബീന ഫിലിപ്പിനും സി പി ഐ എമ്മിനും എതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. സംഭവം വിവാദമായതോടെ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സി പി ഐ എം ബീന ഫിലിപ്പിനോട് വിശദീകരണം തേടിയിരുന്നു.

ആര്‍ എസ് എസ് കോഴിക്കോട് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പരിപാടിയിലാണ് ബീന ഫിലിപ്പ് പങ്കെടുത്തിരുന്നത്. ഇതിന് പുറമെ മേയര്‍ അവിടെ നടത്തിയ പരാമര്‍ശങ്ങളും സി പി ഐ എമ്മില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ചടങ്ങിന് ശേഷം നടത്തിയ ആദ്യ വിശദീകരണത്തില്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ല എന്നായിരുന്നു ബീന ഫിലിപ്പിന്റെ പ്രതികരണം. മൂന്ന് പതിറ്റേണ്ടിലേറെയായി സി പി ഐ എമ്മാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം












Click it and Unblock the Notifications