നിലപാട് വ്യക്തം; വര്‍ഗീയ കൂട്ടുകള്‍ വേണ്ട; നാല് പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫ്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ രാജിവെച്ചു. യുഡിഎഫിന്റേയും എസ്‌ഡിപിഐയുടേയും ബിജെപിയുടേയും പിന്തുണയോടെ അധികാരം ലഭിച്ച പഞ്ചായത്തുകളിലാണ് പ്രസിഡന്റുമാര്‍ രാജിവെച്ചത്. പാര്‍ട്ടി തീരുമാനപ്രകാരം അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.
യുഡിഎഫിന്റെ പിന്തുണയോട് കൂടി വിജയിച്ച അവിനാശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. കൂടാതെ എസ്‌ഡിപിഐയുടെ പിന്തുണയോടെ അധാകരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് പഞ്ചായത്തുകളിലും എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വെച്ചു.
റാന്നി പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌താനാര്‍ഥിയായി നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്‌തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി. എന്നാല്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടു നിന്നത്.
സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ അധികാരത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും തുല്യ സീറ്റുകള്‍ നേടിയ വയനാട്ടില്‍ യുഡിഎഫിന് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം എസ്‌ഡിപിഐ പിന്തുണയോടെ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി അധികാരത്തിലേറും.യുഡിഫ് ജനകീയ മുന്നണിയുടെ അയിഷ ഉമ്മര്‍ പ്രസിഡന്റാകും. എസ്‌ഡിപിഐ എല്‍ഡിഎഫിന് വോട്ട് ചെയ്‌തതോടെയാണ് നറുക്കെടുപ്പിലേക്ക് എത്തിയത്.
അതേ സമയം വിളപ്പില്‍ ശാല പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചു. സ്വതന്ത്രയുടേയും ഒരു യുഡിഎഫ് അംഗത്തിന്റേയും വോട്ട് കൂടി ബിജെപിക്ക് ലഭിച്ചു. ഇതോടെ രണ്ടാമത്തെ ഒറ്റകക്ഷിയായ ബിജെപി പഞ്ചായത്തില്‍ അധികാരത്തിലെത്തുകയായിരുന്നു. എല്‍ഡിഎഫ് ആണ് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.