ഗവർണറുമായി തിരക്കിട്ട് ഒത്തുതീർപ്പുണ്ടാക്കിയത് എന്തിന്; ലക്ഷ്യം ലോകായുക്തയെന്ന് വിടി ബല്‍റാം
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന വിധത്തിൽ നിയമ നിർമാണ നടത്താനുള്ള സംസ്ഥാ സർക്കാർ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമർശനമാണ് ഉയരുന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാനും സ്വീകരിക്കാനും അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. മന്ത്രിസഭ അംഗീകരിച്ച ഓർഡിനന്‍സ് ഇപ്പോള്‍ ഗവർണറുടെ പരിഗണനയിലാണുള്ളത്. സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കത്തിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ വ്യക്തമാക്കേണ്ടതാണെന്നാണ് കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാം അഭിപ്രായപ്പെടുന്നത്.
ഇതുപോലൊരു ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുമോ എന്നതാണ് ഇനി നമുക്കറിയാനുള്ളത്. ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ടാണോ ഗവർണറുമായി സർക്കാർ തിരക്കിട്ട് ഒത്തുതീർപ്പുണ്ടാക്കിയത് എന്നതും സംശയിക്കാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അഴിമതിക്കെതിരെ പോരാടാനും ഇടപെടാനും കഴിയുന്ന ശക്തമായ ഒരു സംവിധാനം എന്ന നിലയിൽ 'ലോകായുക്ത'ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ ആ ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി അതിനെ വെറും ഉപദേശക സംവിധാനമാക്കി മാറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ.

അഴിമതിയോ സ്വജനപക്ഷപാതിത്തമോ നടത്തിയതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത കണ്ടെത്തിയാൽ നിലവിലെ നിയമപ്രകാരം ബന്ധപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ കണ്ടെത്തലുകളെ തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകാനാണ് തീരുമാനിക്കുന്നത്. സർവ്വകലാശാല നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം സർക്കാർ കയ്യടക്കുന്നതോടെ കള്ളന്റെ കയ്യിൽത്തന്നെ താക്കോൽ കൊടുക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ നാട്യങ്ങളുടെ പൊള്ളത്തരം ഒരിക്കൽക്കൂടി ജനങ്ങൾക്ക് ബോധ്യമാവുകയാണ്.
2013കാലത്ത് മൻമോഹൻ സിംഗ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാർ. അണ്ണാ ഹസാരെയെപ്പോലുള്ള സംഘ് പരിവാർ ഏജന്റുമാരോടൊപ്പം ചേർന്ന് യുപിഎ സർക്കാരിനെതിരെ പ്രചരണം നടത്താൻ നേതൃത്ത്വം നൽകിയത് വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കളായിരുന്നു. ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൂടുതൽ ശക്തമാക്കണം എന്നായിരുന്നു അന്നവരുടെ ആവശ്യം. ഇന്ന് സിപിഎം ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനത്തെ സർക്കാർ ഉള്ള നിയമത്തെപ്പോലും ദുർബ്ബലപ്പെടുത്താൻ നോക്കുമ്പോൾ അതിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ തന്നെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.
ഇതുപോലൊരു ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുമോ എന്നതാണ് ഇനി നമുക്കറിയാനുള്ളത്. ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ടാണോ ഗവർണറുമായി സർക്കാർ തിരക്കിട്ട് ഒത്തുതീർപ്പുണ്ടാക്കിയത് എന്നതും സംശയിക്കാവുന്നതാണ്. ഗവർണർ-ഗവണ്മെന്റ് തർക്കങ്ങളും പൊറാട്ടുനാടകങ്ങളും ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നും പ്രതിപക്ഷമുയർത്തിയ ആക്ഷേപം ശരിവക്കുന്ന തരത്തിലാണ് ചാൻസലർ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ഗവർണർ തീരുമാനിച്ചതായി വാർത്തകളിൽ കാണുന്നത്. ഏതായാലും അൽപ്പമെങ്കിലും ആത്മാർത്ഥതയും താനിരിക്കുന്ന പദവിയോട് ബഹുമാനവും ഗവർണർക്കുണ്ടെങ്കിൽ ഈ ദുരുപദിഷ്ട ഓർഡിനൻസ് തിരിച്ചയക്കാൻ അദ്ദേഹം തയ്യാറാകണം എന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications