
ഗവര്‍ണര്‍ ആര്‍എസ്എസ് ഓഫീസ് ശിപായിയുടെ ചുമതല ഏറ്റെടുത്തെന്ന് സ്വരാജ്: പരിഹാസ്യമെന്ന് ബല്‍റാമും
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സമിതിയംഗം എം സ്വരാജ്. ഗവര്‍ണര്‍ ആര്‍ എസ് എസ് ഓഫീസിലെ ശിപായിയുടെ ചുമതല സ്വയം അഭിമാനത്തോടെ ഏറ്റെടുത്തിരിക്കുകയാണെന്നും ഗവര്‍ണറുടെ നടപടിയെ കേരളം പുച്ഛിച്ച് തള്ളുമെന്നുമാണ് എം സ്വരാജ് പ്രതികരിച്ചത്.
റോബിനെ ചിരിച്ചുകൊണ്ട് ചതിച്ചവരില്‍ ഞാനില്ലെന്ന് ശാലിനി; ഭക്ഷണം നല്‍കിയതിന് മുഖം കറുപ്പിച്ചവരുണ്ട്
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെ ഒരു മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ മുന്നണിക്ക് ഭൂരിപക്ഷമുള്ളിടത്തോളം മുഖ്യമന്ത്രിയാണ് എത് മന്ത്രിമാര്‍ മന്ത്രിസഭയില്‍ വേണമെന്ന് തീരുമാനിക്കുക. ഗവര്‍ണറുടെ നടപടി വിചിത്രമാണ്. സ്വയം അപഹാസ്യനാകാന്‍ അദ്ദേഹം ഉറച്ച തീരുമാനം എടുത്താല്‍ ആര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗവര്‍ണറുടെ 'പ്രീതി' അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ലെന്ന് അദ്ദേഹം മനസിലാക്കണമെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.
അതേസമയം, തനിക്ക് ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഗവർണ്ണർ പ്രവർത്തിക്കുന്നതെന്നതായിരുന്നു കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റം ഗവർണ്ണറുടെ നടപടിയോട് പ്രതികരിച്ചത്. ഇത്തരം നടപടികളിലൂടെ ഗവർണ്ണർ സ്വയം പരിഹാസ്യനാവുകയാണ് ചെയ്യുന്നത്. ഗവർണ്ണറുടെ അവകാശങ്ങളെക്കുറിച്ച് നിരവധി തവണ സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിടി ബല്‍റാം മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യക്തിപരമായ അപ്രീതിയുടെ പേരില്‍ ഒരു സംസ്ഥാനത്തെ മന്ത്രിയെ നീക്കണമെന്ന് പറയാന്‍ ഒരു ഗവർണ്ണർക്ക് അധികാരമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. തനിക്കുള്ള യഥാർത്ഥ അവകാശങ്ങളാണ് ഗവർണ്ണർ ചെയ്തിരുന്നെങ്കില്‍ അതിനെ പിന്തുണയ്ക്കുമായിരുന്നു. അത് ചെയ്യാതെ ആ അവസരത്തിലൊക്കെ സർക്കാരുമായി ഒത്തുകളിച്ച് ഇപ്പോള്‍ ഇല്ലാത്ത അവകാശങ്ങള്‍ പ്രയോഗിക്കുകയാണെന്നും വിടി ബല്‍റാം ആരോപിച്ചു.
ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കുന്ന കത്ത് ഇന്നലെ വൈകീട്ടോടെയാണ് ഗവർണ്ണർ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. തനിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഗവർണ്ണറുടെ അസാധാരണമായ നടപടി. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ഗവർണ്ണർ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മറുപടി മുഖ്യമന്ത്രി ഗവർണ്ണർക്ക് നല്‍കുകയും ചെയ്തു.