ഹോട്ടലുകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, വെറുതെ ലൈസന്‍സ് നല്‍കുന്ന ഡോക്ടര്‍മാരും കുടുങ്ങും; വീണ ജോര്‍ജ്
പറവൂര്‍: സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധ തുടര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനുളള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കുകയാണ് എന്ന് വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്ന് മുതല്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും എന്നും വീണ ജോര്‍ജ് പറഞ്ഞു.
കൃത്യമായ പരിശോധന നടത്താതെ ലൈസന്‍സ് നല്‍കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ അടക്കം റദ്ദാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷ ബാധയ്ക്ക് ഇടയാക്കിയ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായും ആരോഗ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പഴുതടച്ച നടപടികള്‍ സ്വീകരിക്കും. ഒളിവില്‍ കഴിയുന്ന ഹോട്ടലുടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുു ഒളിവില്‍ പോയ പറവൂര്‍ മജ്ലിസ് ഹോട്ടല്‍ ഉടമകളായ നാല് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ പാചകക്കാരനെ മാത്രമാണ് പിടികൂടാനായിട്ടുള്ളത്. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഈ ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം വന്നശേഷം പൊലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും എന്നും വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം ഹോട്ടലിനെതിരെ നഗരസഭയുടെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നാണ് പറവൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പറയുന്നത്. അതിനിടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മജ്ലിസ് ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച 70 ലേറെ പേര്‍ക്കു ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നത്. സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തിരിക്കുകയാണ്. കുഴിമന്തി, അല്‍ഫാം, ഷവായി എന്നിവ കഴിച്ചവര്‍ക്ക് ആണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇവരില്‍ പലരേയും കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ഛര്‍ദ്ദി, വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നത്.












Click it and Unblock the Notifications