ഇപി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹര്‍ജി ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
1995 ഏപ്രില്‍ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ യാത്രക്കിടെയായിരുന്നു ഇ പി ജയരാജനെതിരെ വധശ്രമം ഉണ്ടായത്. ഈ സംഭവത്തില്‍ തിരുവനന്തപുരത്ത് താമസിച്ച് ജയരാജനെ കൊല്ലാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്ര പ്രദേശില വിചാരണ കോടതി ശിക്ഷിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇവരെ മേല്‍ക്കോടതി കുറ്റവിമുക്തരാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരന്‍ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു സുധാകരന്റെ ആവശ്യം. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി തള്ളിയ ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
സുധാകരനെതിരായ എല്ലാ നിയമ നടപടികളും ഒഴിവാക്കിയതായി ഹൈക്കോടതി അറിയിച്ചു. വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. സുധാകരനെതിരേ യാതൊരു തെളിവുകളുമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
ചണ്ഡിഗഢില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെ ആണ് ഇ പി ജയരാജന്‍ ആക്രമിക്കപ്പെടുന്നത്. തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതിയായ വിക്രംചാലില്‍ ശശി ജയരാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.
ടി പി രാജീവന്‍, ബിജു, എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. അതേസമയം തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സി പി എം പദ്ധതിയായിരുന്നു കേസെന്നും കൊലയാളി എന്ന് വിളിച്ച സി പി എമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലാക്കാനുള്ള സി പി എം ശ്രമമാണ് പൊളിഞ്ഞതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications