1800 കിലോയുള്ള ഗരുഡ, കട്ടയ്ക്ക് നിന്ന് ഹൈദർ; ഈന്തപ്പഴവും ആപ്പിളും തീറ്റ, ഇത് പെരുമ്പാവൂരിലെ പോത്ത് വിശേഷം
കൊച്ചി: ഓരോ പെരുന്നാളും പെരുമ്പാവൂരുകാർക്ക് പുതിയ അനുഭവമാണ്, ഈ സമയത്ത് കൂടുതൽ സജീവമാകുന്ന ഇവിടുത്തെ പോത്ത് കച്ചവടം പലപ്പോഴും അതിരുകൾ മറികടക്കുന്ന കാഴ്‌ചയാണ് കാണാറുള്ളത്. ഇത്തവണയും സ്ഥിതി വ്യത്യസ്‌തമല്ല. വലിയ പെരുന്നാളിന് ആറ് മാസം മുൻപ് തന്നെ എത്തിച്ച പോത്ത് കുട്ടികൾ ഇന്ന് ആരും ഭയക്കുന്ന നിലയിലെ കൂറ്റന്മാരായി വളർന്നു കഴിഞ്ഞു.
പെരുമ്പാവൂർ ബോയ്‌സ് എന്ന കൂട്ടായ്‌മയാണ് ഇതിന് പിന്നിൽ. ഇത്തവണ ഹരിയാനയിൽ നിന്നാണ് കൂറ്റൻ കന്നുകാലികളെ ഇവിടേക്ക് എത്തിച്ചത്. ഇക്കുറി അവർ കളത്തിൽ ഇറക്കിയ പോത്തുകളുടെ തൂക്കം അറിഞ്ഞാൽ ആരായാലും ഞെട്ടും. കൂട്ടത്തിലെ കേമന് ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. അവന്റെ തൂക്കമാവട്ടെ 1800 കിലോയോളം വരും.

രണ്ടാമൻ ഹൈദറും ഒട്ടും പിന്നിലല്ല, 1200 കിലോയാണ് തൂക്കം. ഇവ രണ്ടിനെയും പെരുമ്പാവൂർ ടൗണിൽ ഇറക്കിയതോടെ കാഴ്‌ചക്കാർ നിറയുകയാണ്. കൊമ്പിൽ പിടിക്കാനും കയറിൽ തൂങ്ങി ഫോട്ടോ എടുക്കാനും ഒക്കെ മത്സരമാണ് ഇവിടെ. കാര്യം എന്തെന്നറിയാതെ പകച്ചു നിൽക്കുകയാണ് നമ്മുടെ പോത്ത് വീരന്മാർ രണ്ട് പേരും എന്നതാണ് കൗതുകം.
മുൻ വർഷങ്ങളിലും വലിയ കന്നുകാലികളെ ഇറക്കി പെരുമ്പാവൂർ ബോയ്‌സ് വാർത്തകളിൽ ഇടം നേടിയിരുന്നു. മോറ ഇനത്തിൽപെട്ട ഈ പോത്തുകളെ ആറ് മാസത്തോളം പരിപാലിച്ചാണ് ഈ നിലയിലേക്ക് തൂക്കമെത്തിച്ചത്. ഇരുവരും ഹരിയാനയിൽ നിന്നാണ് എത്തിയത്. ഇവയുടെ തീറ്റയിലെ മെനു കേട്ടാൽ ചിലപ്പോൾ ആരും ഞെട്ടും.
ഈന്തപ്പഴവും, ആപ്പിളും ഒക്കെയാണ് ഈ ഭീമൻമാരുടെ നിത്യ ഭക്ഷണം. ഇതിൽ രണ്ട് പോത്തുകളെയും രണ്ടിടത്തേക്കായി വിറ്റുകഴിഞ്ഞു. ഗരുഡയെ നാലേമുക്കാൽ ലക്ഷം രൂപയ്ക്കാണ് ഈരാറ്റുപേട്ട സ്വദേശികൾ വാങ്ങിയത്. ഹൈദറും ഒട്ടും മോശമാക്കിയില്ല, അതിന് അടുത്ത് തന്നെ വരുന്ന ഒരു തുകയ്ക്ക് മൂവാറ്റുപുഴ സ്വദേശികൾ ഈ പോത്തിനേയും സ്വന്തമാക്കി.












Click it and Unblock the Notifications