'ഞാൻ ആ വാക്ക് ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല, അത് കേട്ട് തന്റെ ഭാര്യ പറഞ്ഞത്'; വിശദീകരിച്ച് കെ സുധാകരൻ
ആലപ്പുഴ വിവാദത്തിൽ വിശദീകരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ആ വാക്ക് തന്റെ ജീവിത്തതിൽ ഇന്ന് വരെ ഞാൻ ഉപയോഗിച്ചിട്ടില്ലെന്നും മര്യാദകേടെന്ന വാക്ക് വളച്ചൊടിച്ചതാണെന്നും സുധാകരൻ പറഞ്ഞു. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
'ആലപ്പുഴയിൽ സംഭവിച്ചത് എനിക്ക് തന്നെ അറിയില്ല എന്താണെന്ന്. എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഇങ്ങനെ കേട്ടിട്ടുണ്ട്. അതിന്റെ പിറകെ ഞാൻ പോകാറില്ല. ഞാനും സതീശനും തമ്മിൽ യാതൊരു തർക്കവുമില്ലെന്ന് മാത്രമല്ല നല്ല സൗഹൃദവുമാണ്. ഇന്നലെ സംഭവിച്ചത്, ഞാൻ ആ പറഞ്ഞ വാക്ക് എന്റെ ജീവിതത്തിൽ ഞാൻ എവിടേയും ഉപയോഗിക്കാത്ത വാക്കാണ്.

വീട്ടിലോ കുട്ടികളുടെ മുൻപിലോ ഒന്നും ഞാൻ പറയാറില്ല. നിങ്ങളാ വാക്ക് ഉപയോഗിക്കാറില്ലല്ലോയെന്നാണ് അത്ഭുത്തോടെ എന്റെ ഭാര്യ ചോദിച്ചത്. അങ്ങനെ ഞാൻ ഇതുവരെ പറയാത്തൊരു വാക്ക് ഞാൻ പറഞ്ഞുവെന്ന ആക്ഷേപം വന്നപ്പോൾ എനിക്ക് ഭയങ്കര മനപ്രയാസായി. അത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ല. എല്ലാത്തിനേയും ബാധിക്കും. ഞാനീ വാക്ക് പറഞ്ഞത് എന്റെ പരിസരത്ത് നിൽക്കുന്നവർ പോലും കേട്ടിട്ടില്ല. സാധാരണ ഞാൻ പറയുന്നൊരു വാക്ക് ഞാൻ അവിടെ പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങൾക്ക് വേണ്ടി പറഞ്ഞതാണ്.
മാധ്യമങ്ങളോട് ഒരു മര്യാദവേണ്ടേയെന്ന് പറഞ്ഞിരുന്നു. മര്യാദകേടാണ് ചെയ്തത് എന്നായിരുന്നു പറഞ്ഞത്. അല്ലാതെ മറ്റേ വാക്ക് ഉപയോഗിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രചരണം മുറിവേൽപ്പിച്ചിട്ടുണ്ട്. സത്യം പുറത്ത് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്', സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പത്രസമ്മേളനത്തിൽ വെച്ചായിരുന്നു വിഡി സതീശനെതിരെ സുധാകരൻ അസഭ്യം പറഞ്ഞത്. പത്രസമ്മേളനത്തിന് എത്താൻ വിഡി സതീശൻ വൈകിയതായിരുന്നു സുധാകരനെ ചൊടിപ്പിച്ചത്. 10 മണിക്കായിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത്. 10.30ഓടെയാണ് സുധാകരൻ എത്തിയത്. തുടർന്ന് സതീശന് വേണ്ടി സുധാകരൻ അടക്കമുള്ളവർ കാത്തിരിക്കുകയായിരുന്നു. 10.50 ആയിട്ടും സതീശൻ എത്താതിരുന്നതോടെയാണ് സുധാകരൻ സതീശനെതിരെ രംഗത്തെത്തിയത്.
മാധ്യമ പ്രവർത്തകർ കാത്തിരിക്കുകയണെന്നും പ്രതിപക്ഷ നേതാവ് എവിടെയാണെന്നുമാണ് സുധാകരൻ കൂടെയുള്ള പ്രവർത്തകരോട് ചോദിച്ചത്. 'എവിടെയാണെന്ന് വിളിച്ച് ചോദിക്ക്, പത്രക്കാരോട് പറഞ്ഞിട്ട് ഇതെന്ത് മോശമാണ്', എന്നാണ് സുധാകരൻ പറഞ്ഞത്. ഇതിനിടയിലാണ് സതീശനെതിരെ അസഭ്യ വാക്ക് ഉപയോഗിച്ചത്. ഇതിനിടെ കൂടെയുള്ള പ്രവർത്തകർ മൈക്കും കാമറയും ഓൺ ആണെന്നും സുധാകരനെ ഓർമ്മപെടുത്തി. ഇതോടെയാണ് സുധാകരൻ മൗനം പാലിച്ചത്.












Click it and Unblock the Notifications