മനസിൽ ഒന്നും വയ്ക്കരുതെന്ന് തരൂർ, ആരോടും ശത്രുതയില്ലെന്ന് പന്ന്യനും; പരസ്‌പരം പറഞ്ഞുതീർത്ത് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ സ്ഥാനാർത്ഥികൾ പരസ്‌പരം ആരോപണങ്ങൾ ഉന്നയിക്കുക പതിവാണ്. പലപ്പോഴും ആരോപണ-പ്രത്യാരോപണങ്ങൾ നിലവിട്ട് വാക്പോരുകളിലേക്കും നേരിട്ടുള്ള കുറ്റപ്പെടുത്തലുകളിലേക്കും ഒക്കെ നീങ്ങുന്നതും നാം കാണാറുണ്ട്. ഇതൊക്കെയും രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്ന് കരുതുന്ന കുറച്ചു നേതാക്കൾ എങ്കിലും ഉണ്ടെന്നതാണ് പ്രധാന കാര്യം.
എന്നാൽ അത്തരം കെട്ടകാലത്ത് മാതൃകയാവുകയാണ് തിരുവനന്തപുരത്തെ വലത്-ഇടത് സ്ഥാനാർത്ഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനും. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇടത് സ്ഥാനാർത്ഥിയായ പന്ന്യൻ രവീന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശശി തരൂർ ഇപ്പോൾ.

വിമർശിച്ചത് പന്ന്യനെയല്ല, സിപിഐയെ ആണെന്നും ഒന്നും മനപൂർവം ആയിരുന്നില്ലെന്നുമാണ് തരൂർ ചൂണ്ടിക്കാട്ടിയത്. തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂർ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമർശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും തനിക്ക് ആരുമായും ശത്രുത ഇല്ലെന്നായിരുന്നു പന്ന്യൻ രവീന്ദ്രൻ ശശി തരൂരിന് നൽകിയ മറുപടി.
പന്ന്യനോട് തനിക്ക് എന്നും ബഹുമാനം മാത്രമേ ഉള്ളൂ എന്നും തരൂർ ഫോൺ സംഭാഷണത്തിനിടയിൽ പറഞ്ഞു. സിപിഐ എംപിയെക്കാൾ പാർലമെന്റിൽ കോൺഗ്രസ് എംപിക്കായിരിക്കും സംസാരിക്കാൻ അവസരം കിട്ടുക എന്നർത്ഥത്തിലാണ് താൻ പരാമർശം നടത്തിയത് എന്നായിരുന്നു തരൂരിന്റെ വിശദീകരണം.
നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് ശശി തരൂർ വിവാദമായ പ്രസ്‌താവന നടത്തിയത്. മത്സരം രാജീവ് ചന്ദ്രശേഖറും താനും തമ്മിലാണെന്നും സിപിഐക്ക് ഇതിൽ യാതൊന്നും ചെയ്യാനില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്‌താവന. ഇതിന് പിന്നാലെ ജയിക്കുമെന്ന് പറയാനുള്ള ധൈര്യമൊക്കെ പന്ന്യനുണ്ടോ എന്നും ശശി തരൂർ ചോദിച്ചിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
ഇതിന് മറുപടിയുമായി പന്ന്യൻ രവീന്ദ്രൻ നേരിട്ട് രംഗത്ത് വരികയും ചെയ്‌തു. തരൂരിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ആളാണ് താൻ എന്നായിരുന്നു പന്ന്യന്റെ മറുപടി. തരൂർ വലിയ ചിന്തകൻ ഒക്കെ ആണെങ്കിലും പ്രായോഗിക പരിജ്ഞാനം കുറവാണെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് തുടർച്ചയായ മൂന്നാം തവണയാണ് ശശി തരൂർ ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണയും നേടിയ മികച്ച വിജയം ഇക്കുറിയും ആവർത്തിക്കാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ ഒരിടവേളയ്ക്ക് ശേഷമാണ് പന്ന്യൻ രവീന്ദ്രൻ മണ്ഡലത്തിലേക്ക് എത്തുന്നത്.മുൻപ് 2005ൽ പികെ വാസുദേവൻ നായരുടെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചാണ് പന്ന്യൻ ഇവിടെ എംപിയായത്. ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും കളത്തിൽ ഇറങ്ങിയിട്ടുണ്.












Click it and Unblock the Notifications