ഒടുവില്‍ ലയനം ഉറപ്പിച്ച് ജെഡിഎസും എല്‍ജെഡിയും: ശ്രേയാംസ്കുമാർ ദേശീയ തലത്തിലേക്ക്, കൂടെ 7 ജില്ലകളും
തിരുവനന്തപുരം: ഏറെ നാളത്തെ ചർച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം ലയന തീരുമാനത്തിലെത്തി എല്‍ ഡി എഫിലെ ഘടകകക്ഷികളായ എല്‍ ജെ ഡിയും ജെ ഡി എസും. സ്ഥാനങ്ങള്‍ തുല്യമായി പങ്കിട്ടുകൊണ്ടാണ് ഇരുപാർട്ടികളും ലയിക്കുന്നത്. ധാരണ പ്രകാരം മാത്യൂ ടി തോമസ് എം എല്‍ എ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും എംവി ശ്രേയാംസ് കുമാർ ജെ ഡി എസ് ദേശീയ സെക്രട്ടറിയുമാവും.
ജില്ലാ പ്രസിഡന്റുമാരില്‍ ഏഴെണ്ണം എല്‍ ജെ ഡിയില്‍ വരുന്നവർക്ക് നല്‍കും. ശേഷിക്കുന്ന ഏഴെണ്ണത്തില്‍ നിലവിലെ ജെ ഡി എസ് നേതാക്കള്‍ തന്നെ തുടരും. സംസ്ഥാന, ജില്ലാ സമിതികളിലും തുല്യമായ വീതംവെപ്പ് നടക്കും.

ലയനത്തിന് ജെ ഡി എസ്, എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ധാരണ പ്രകാരം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങളായിരിക്കും എല്‍ ജെ ഡിക്ക് ലഭിക്കുക. ജെ ഡി എസുമായി ലയിക്കാന്‍ തീരുമാനിച്ചതായി എല്‍ ജെ ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദവികള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാതിരുന്നതിനെ തുടർന്ന് തീരുമാനം നീണ്ടുപോയി.

കേരളത്തിലെ ഏറ്റവും പ്രമുഖ ജനതാ വിഭാഗമായിരുന്ന ജനതാദള്‍ എസ് പിളർത്തിയായിരുന്നു 2009 ല്‍ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപം കൊള്ളുന്നത്. എല്‍ ഡി എഫില്‍ കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചത്.

പിളർപ്പോടെ മുന്നണി മാറി യു ഡി എഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം പിന്നീട് നിതീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെ ഡി യുവില്‍ ലയിച്ചു. എന്നാല്‍ നീതിഷ് കുമാർ വീണ്ടും ബി ജെ പി പാളയത്തിലേക്ക് മടങ്ങിയതോടെ കേരള ഘടകം ജെഡിയു ബന്ധം ഉപേക്ഷിക്കുകയും ശരത് യാദവ് ചേർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിക്കുകയുമായിരുന്നു.
ഒരേ ചായ കുടിച്ച് മടുത്തോ? എങ്കില്‍ ഈ വ്യത്യസ്ത തരം ചായകള്‍ പരീക്ഷിക്കൂ

ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ ആർ ജെ ഡിയില്‍ ലയിപ്പിച്ചെങ്കിലും കേരള ഘടകം ഇതിനൊപ്പം നിന്നില്ല. കേരളത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത ആർ ജെ ഡിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ലയനമാണെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

ലയനത്തോടെ ജെ ഡി എസിന് നിയമസഭയിലെ അംഗബലം മൂന്നാവും. നിലവില്‍ ജെ ഡി എസിന് രണ്ടും എല്‍ ജെ ഡിക്ക് ഒന്നും അംഗങ്ങളാണുള്ളത്. എല്ലാ ഘടകക്ഷികള്‍ക്കും മന്ത്രി സ്ഥാന നല്‍കിയപ്പോള്‍ എല്‍ ജെ ഡിക്ക് മാത്രം പദവി നല്‍കാതിരുന്നത് നേരത്തെ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം എല്‍ ഡി എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി എംവി ശ്രേയാംസ് കുമാർ ഇന്നും രംഗത്തെത്തി.

തങ്ങള്‍ക്ക് അർഹമായ പല സ്ഥാനങ്ങളും ലഭിച്ചില്ലെന്നാണ് ശ്രേയാംസ് കുമാർ ആരോപിക്കുന്നത്. പരാതികള്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പലയിടങ്ങളിലും എല്‍ജെഡിയെ എല്‍ഡിഎഫ് നേതൃത്വം പരിഗണിച്ചിട്ടില്ല.അര്‍ഹമായ പല സ്ഥാനങ്ങളും ലഭ്യമായിട്ടില്ല. പക്ഷേ അതൊന്നും പൊതുവേദിയില്‍ പറയാനാകില്ല. മുന്നണിക്കകത്ത് തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications