'പിണറായി വിവരം കെട്ടവന്‍, ആണത്തമുണ്ടോ? അവന്‍ വെട്ടിക്കൊന്ന ആളെത്ര'; ബോംബ് വിവാദത്തില്‍ സുധാകരന്‍
കണ്ണൂര്‍: തലശ്ശേരിയില്‍ വയോധികന്‍ ബോംബ് പൊട്ടിമരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ രൂക്ഷമായിട്ടാണ് സുധാകരന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രി അവന്‍ എന്നാണ് മുഖ്യമന്ത്രിയെ സുധാകരന്‍ വിശേഷിപ്പിച്ചത്.
' അവന്‍ വെട്ടിക്കൊന്നതും വെടിവെച്ച് കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെയാണ്? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്‍ ആണത്തമുണ്ടോ? എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

സിപിഎമ്മിന്റെ ഓഫീസില്‍ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസില്‍ നിന്നും പിടിച്ചിട്ടില്ല. കോണ്‍ഗ്രസ് ആരെയും ബോംബെറിഞ്ഞിട്ട് കൊന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം നേരത്തെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.
ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും, എന്നിട്ട് പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ സിപിഎം ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെടാതിരുന്നത് ഇതാദ്യമായിട്ടാണെന്ന് സുധാകരന്‍ വിശദീകരിച്ചു. നേരത്തെ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വിവിധ ബോംബുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലുമുണ്ടായിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് രൂക്ഷമായി സുധാകരന്‍ വിമര്‍ശിച്ചത്.
എരഞ്ഞോളിയിലാണ് കഴിഞ്ഞ ദിവസം വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചത്. പറമ്പില്‍ തേങ്ങയെടുക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍പാത്രം വീടിന്റെ തറയില്‍ അടിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. നേരത്തെ പ്രതിപക്ഷം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇക്കാര്യം ബുധനാഴ്ച്ച സഭയില്‍ ഉന്നയിക്കുകയും ചെയ്തു.
സിപിഎമ്മിന് ചിഹ്നം പോയാല്‍ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ടെന്നും ബോംബ് മതിയെന്നും സണ്ണി ജോസഫ് എംഎല്‍എ പരിഹസിച്ചു. ദുരൂഹ സാഹചര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നുനോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സഭയില്‍ പറഞ്ഞിരുന്നു.
ബോംബ് നിര്‍മാണം എന്ന് മുതലാണ് സിപിഎമ്മിന് സന്നദ്ധ പ്രവര്‍ത്തനമായി മാറിയത്. നിങ്ങള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും തനിക്ക് ചോദിക്കാനുള്ളതെന്നും സതീശന്‍ പറഞ്ഞിരുന്നു. അതേസമയം ബോംബ് എവിടെ നിന്ന് എത്തിയെന്ന് അന്വേഷിക്കുകയാണ് പോലീസ്. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചതാണ് വിമര്‍ശത്തിന് പ്രധാന കാരണം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications