സംസ്ഥാനത്തെ 2017-18 വാർഷിക പദ്ധതി നിർവ്വഹണത്തിൽ കണ്ണൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം
കണ്ണൂർ:സംസ്ഥാനത്തെ 2017-18 വാർഷിക പദ്ധതി നിർവ്വഹണത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. പുതിയ കണക്കുകൾ പ്രകാരം പദ്ധതി നിർവ്വഹണത്തിൽ 63.39 ശതമാനവുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തുള്ളത്. 62.33 ശതമാനവുമായി കോട്ടയവും 62.19 ശതമാനവുമായി കൊല്ലവുമാണ് തൊട്ടുപിന്നിൽ. 71.3 ശതമാനവുമായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളാണ് പദ്ധതി നിർവഹണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. 65 ശതമാനവുമായി ബ്ലോക്ക് പഞ്ചായത്തുകളും 57.62 ശതമാനവുമായി ജില്ലാ പഞ്ചായത്തും 56.43 ശതമാനവുമായി കണ്ണൂർ കോർപറേഷനും പിന്നാലെയുണ്ട്. മുനിസിപ്പിലാറ്റികളുടെ പദ്ധതി നിർവഹണം 49.7 ശതമാനമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ 18-19 വാർഷിക പദ്ധതികൾക്ക് മാർച്ച് 17നു മുന്പായി അംഗീകാരം വാങ്ങണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. ഇതിനു മുന്പായി നടപടികൾ പൂർത്തിയാക്കി ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി സമർപ്പിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡിപിസി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് പറഞ്ഞു.

നാല് പഞ്ചായത്തുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മിക്കവാറും തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം വികസന സെമിനാർ സംഘടിപ്പിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. 32 ഗ്രാമപഞ്ചായത്തുകൾ പദ്ധതിയുടെ ഡാറ്റാ എൻട്രി പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പദ്ധതി ആസൂത്രണ പുരോഗതി യോഗം ചർച്ച ചെയ്തു. തലശേരി ബ്ലോക്ക്, കല്യാശേരി, മാട്ടൂൽ, പാട്യം, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ, ശ്രീകണ്ഠപുരം, ആന്തൂർ മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിഭേദഗതികൾക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ കെപി ജയബാലൻ, വികെ സുരേഷ് ബാബു, ടിടി റംല, സുമിത്ര ഭാസ്കരൻ, പി ജാനകി, അജിത്ത്, കെവി ഗോവിന്ദൻ, ഡിപിഒ കെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications