കരിപ്പൂര്‍ വിമാനാപകടം: പൈലറ്റിന്റെ വീഴ്ച അപകടത്തിന് കാരണമായി, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ഇറങ്ങേണ്ട സ്ഥാനത്ത് നിന്ന് മുന്നോട്ടുപോയി വിമാനം പറന്നിറങ്ങിയത് അപകടത്തിന് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നിരീക്ഷണ ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

275 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ക്രാഫ്റ്റ് ആകിസിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം അമിത വേഗത്തില്‍ മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവശങ്ങളിലെ ഇന്ധന ടാങ്കിന് ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റിന് ഗോ എറൗണ്ട് എന്ന നിര്‍ദ്ദേശം നല്‍കിയിട്ടും അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേ സമയം, കൊവിഡ് മഹാമാരിക്കാലത്ത് കേരളക്കരയാകെ ഞെട്ടിച്ച വിമാന ദുരന്തമായിരുന്നു കരിപ്പൂരിലേത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7ന് ആയിരുന്നു അപകടം. 184 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൈലറ്റും, സഹ പൈലറ്റും ഉള്‍പ്പടെ 16 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാല് പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടം ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനെ തുടര്‍ന്നാണ് വലിയ ദുരന്തം ഒഴിവായത്. നാട്ടുകാര്‍ മതില്‍ ചാടിക്കടന്ന് സ്വകാര്യ വാഹനങ്ങളില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്ധനത്തിനും ചോര്‍ച്ചയുണ്ടാകുമെന്നും അത് കത്തിപ്പടരാന്‍ സാധ്യതയുണ്ടെന്നുള്ള അപകടം ആലോചിക്കാതെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെട്ടത്.
Recommended Video
അന്നത്തെ അപകടത്തില്‍ വിമാനത്തിന് തീ പടരാതിരുന്നത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. കനത്ത മഴയും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നതിനാല്‍ 7.40ന് എത്തിയ വിമാനം മൂന്ന് തവണ ചുറ്റിപ്പറന്നതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്. സാധാരണ എല്ലാ വിമാനങ്ങളും റണ്‍വെയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് ലാന്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ഈ വിമാനം പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്‍ഡ് ചെയ്തത്. അതേ സമയം, വിമാനാപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം ഇതുവരെ നല്‍കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications