ആരോഗ്യ സുരക്ഷാ ഫണ്ടിനെ കുറിച്ച് പരാമർശം, കാരുണ്യ പദ്ധതിക്ക് അനുവദിച്ചത് 678 കോടി രൂപയെന്ന് ധനമന്ത്രി
തിരുവനന്തപുരം: കാരുണ്യ പദ്ധതിക്ക് 678 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കാരുണ്യ പദ്ധതിയിൽ ബജറ്റ് വിഹിതത്തിന്റെ മൂന്നിരട്ടിയോളം ചെലഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആരോഗ്യ സുരക്ഷാ ഫണ്ട് എന്ന പുതിയ പദ്ധതിയെ കുറിച്ചുള്ള സൂചനയും മന്ത്രി ബജറ്റ് പ്രസംഗത്തിൽ നൽകുകയുണ്ടായി.
സർക്കാർ ആശുപത്രികളുടെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്തുന്നതിനായി പുറത്ത് നിന്നുള്ള ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ആരോഗ്യ സുരക്ഷാ ഫണ്ട് എന്നാണ് മന്ത്രി നൽകിയ സൂചന. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് തന്നെ മതിയായ ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും.

അതേസമയം, പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി രൂപയാണ് സർക്കാർ നീക്കി വച്ചത്. കൊച്ചിൻ ക്യാൻസർ സെന്ററിന് 14.5 കോടിയും മലബാർ കാൻസർ സെന്ററിന് 28 കോടിയും ഹോമിയോ മേഖലക്ക് 6.8 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ, സംസ്ഥാനത്ത് അഞ്ച് പുതിയ നഴ്‌സിങ് കോളേജ് തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. റോബോട്ടിക് സർജറിക്ക് 29 കോടി രൂപയും. മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആരോഗ്യ സർവകലാശാലയ്ക്ക് 11.5 കോടിയും വകയിരുത്തിയിട്ടുണ്ട്.
നേരത്തെ കേന്ദ്ര വിമർശനത്തോടെയായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസത്തെ നശിപ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാണോ ബജറ്റ് ഡോക്യുമെന്റെന്നും സതീശന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ രാഷ്ട്രീയ വിമര്‍ശനത്തിനായി ബജറ്റ് ഡോക്യുമെന്റിനെ മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications