വെള്ളപ്പൊക്കം തടയണം, കത്രിക്കടവിലെ ഓവുചാലിന്റെ വലിപ്പം കൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: മണ്‍സൂണ്‍ കാലത്തെ വെള്ളപ്പൊക്കം തടയാന്‍ ഷേണായി ക്രോസ് റോഡിലെ കത്രിക്കടവിലെ ഓവുചാലിന്റെ വീതി കൂട്ടണമെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷനോടാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടെ അഞ്ച് വീട്ടുകാരുടെ സ്വകാര്യ ഭൂമി കൂടി ഏറ്റെടുത്ത് വീതി കൂട്ടാനാണ് നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നും ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കത്രിക്കടവ് മേഖലയിലെ നിവാസികള്‍ നല്‍കിയ പരാതിയിലാണ് തീരുമാനം.

മഴക്കാലത്ത് വെള്ളം ഒലിച്ച് പോകാനുള്ള സ്ഥലം ഈ ഓവുചാലിന് ഇല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അതുകൊണ്ട് ഇവിടെ വെള്ളം കിടക്കുന്ന അവസ്ഥയാണ്. അത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഡ്രെയിനേജിന് വീതി കൂട്ടുന്നതിന് തങ്ങള്‍ എതിരല്ലെന്ന് സ്വകാര്യ ഭൂവുടമകള്‍ പറഞ്ഞു. എന്നാല്‍ രണ്ട് ഭാഗത്ത് നിന്നും ഇതിന്റെ വീതി കൂട്ടണം. പശ്ചിമ ഭാഗവും കിഴക്ക് ഭാഗവും ഇതിനായി ഉപയോഗിക്കണം. തങ്ങളുടെ സ്ഥലത്ത് കൂടെ മാത്രമാവരുതെന്നും ഇവര്‍ പറഞ്ഞു.
അതേസമയം കോടതി അനുമതി നല്‍കിയാല്‍ ആ നിമിഷം പദ്ധതി തുടങ്ങാന്‍ തയ്യാറാണെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പറഞ്ഞു. മണ്‍സൂണ്‍ വരുന്നതോട് കൂടി ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാണിച്ചു. പല വ്യക്തികളും ഭൂമി കൈയ്യേറിയത് കൊണ്ടാണ് ഡ്രെയിനേജിന്റെ വീതി കുറഞ്ഞ് വന്നതെന്ന് കോര്‍പ്പറേഷന്‍. ഈ സമയം കൈയ്യേറ്റത്തെ കുറിച്ചുള്ള വിഷയത്തില്‍ കോടതി ഇടപെടാന്‍ സാധിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.
മണ്‍സൂണ്‍ വരാന്‍ ഇരിക്കുകയാണ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കാം. അതുകൊണ്ട് എത്രയും വേഗം ഡ്രെയിനേജിന്റെ വീതി കൂട്ടണം. ഭാവിയില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഡ്രെയിനേജിന്റെ വീതി കൂട്ടിയാലും ആ ഭൂമി കോര്‍പ്പറേഷന്റേത് ആണെന്ന് പറയാനാവില്ല. കോര്‍പ്പറേഷന് കാലക്രമത്തില്‍ ഇവയില്‍ അറ്റകുറ്റപ്പണിക്കും വൃത്തിയാക്കലിനും മാത്രമേ അധികാരമുണ്ടാകൂ. അതിന് ഭൂമിയുടെ അവകാശികള്‍ അനുമതി നല്‍കും. വീതി കൂട്ടിയ ശേഷം സ്ലാബ് കൊണ്ട് അത് മൂടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications