ബിജെപിക്കൊപ്പം കേരളം നില്‍ക്കില്ല.. ആ തന്ത്രം തിരിച്ചടിക്കും; മോദിയുടെ വാക്ക് പാഴാകുമോ..?
'കേരളത്തിലും ബിജെപി സഖ്യം അധികാരത്തില്‍ വരും', ഈ വര്‍ഷം നടന്ന മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ബിജെപി പുറത്തെടുത്ത പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് നരേന്ദ്ര മോദി കേരളത്തിലും തങ്ങള്‍ അധികാരത്തില്‍ വരും എന്ന് വെല്ലുവിളിച്ചത്.
ബിജെപിയെ വളരെ കാലമായി പടിക്ക് പുറത്തിരുത്തുന്ന കേരളം പോലൊരു സംസ്ഥാനത്തെ താരതമ്യപ്പെടുത്താന്‍ മോദിക്ക് ധൈര്യം നല്‍കിയത് എന്താണ് എന്ന് അന്ന് തന്നെ പലരും നെറ്റി ചുളിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. നവോത്ഥാന നായകര്‍ ഉഴുതു മറിച്ച മണ്ണ്, എത്തിപിടിച്ച നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ബിജെപിയെ പോലൊരു പാര്‍ട്ടിക്ക് കേരളത്തില്‍ വേരോട്ടമുണ്ടാകുമോ എന്നായിരുന്നു പലരും ചോദിച്ചത്.

സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം 2016 ല്‍ ആണ് ബിജെപിക്ക് ആദ്യമായി കേരള നിയമസഭയില്‍ ഒരു എംഎല്‍എ ഉണ്ടാകുന്നത്. എന്നാല്‍ 2021 ല്‍ ആ സീറ്റും നഷ്ടമായി. കേരളത്തില്‍ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടില്ല. അതിനാല്‍ തന്നെ മോദിയുടെത് അതിമോഹമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരളത്തില്‍ ബിജെപിക്ക് ഇടമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതിനോട് പ്രതികരിച്ചത്.
കാലങ്ങളായി സിപിഎം നയിക്കുന്ന എല്‍ഡിഎഫിനും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ഒപ്പമാണ് കേരള ജനത നിന്നിട്ടുള്ളത്. എങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വോട്ട് വിഹിതം കൂടുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 6.6 ശതമാനത്തില്‍ നിന്ന് 2016 ല്‍ 14.93 ശതമാനമായി എന്‍ഡിഎയുടെ വോട്ടുവിഹിതം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് 2021 ല്‍ 14.4 ശതമാനമായി കുറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ ഏഴ് നിയമസഭാ സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. മറ്റ് പല സീറ്റുകളിലും, ഫലം നിര്‍ണയിച്ചത് ബിജെപി ആര്‍ജ്ജിച്ച വോട്ടുകളാണ് എന്നതും വസ്തുതയാണ്. ഈ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സംശയത്തോട് കൂടി കാണേണ്ടതുണ്ടോ എന്നതാണ് ചോദ്യം. കാരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കാനായാല്‍ മുന്നേറാനാകും എന്നാണ് ബിജെപി കണക്കുകൂട്ടല്‍.

കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം ന്യൂനപക്ഷങ്ങളാണ് എന്നതാണ് ബിജെപിയെ ഈ തന്ത്രത്തിലേക്ക് അടുപ്പിക്കുന്നത്. കേരളത്തില്‍ 26 ശതമാനം മുസ്ലീങ്ങളും 18 ശതമാനം ക്രിസ്ത്യാനികളും ആണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ മുസ്ലീങ്ങള്‍ ബിജെപിയോട് രണ്ടടി അധികം അകലം പാലിക്കുന്നവരാണ്. അതിനാല്‍ തന്നെയാണ് ബിജെപി ക്രിസ്ത്യന്‍ വിഭാഗക്കാരെ ലക്ഷ്യമിടുന്നത്.
ഒരുകാലത്ത് മധ്യകേരളത്തിലെ ക്രിസ്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കേരള കോണ്‍ഗ്രസിന്റെ പതനമാണ് ബിജെപിക്ക് ഇതിന് കളം തുറന്ന് കൊടുത്തത് എന്ന് വേണമെങ്കില്‍ പറയാം. പിളര്‍പ്പുകള്‍ക്കിടയിലും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിടിച്ച് നിര്‍ത്തിയത് കെഎം മാണി എന്ന നേതാവായിരുന്നു. എന്നാല്‍ കെഎം മാണിയുടെ മരണം കേരള കോണ്‍ഗ്രസ് എമ്മിനെയും ക്രിസ്ത്യന്‍ വോട്ട് ബാങ്കിനേയും നന്നായി പിടിച്ചുലക്കി.

ഫലമോ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തി. എന്നാല്‍ യുഡിഎഫ് രൂപീകരണം തൊട്ട് മുന്നണിയിലുണ്ടായിരുന്ന പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും അത് ദഹിച്ചില്ല. അതിനാല്‍ തന്നെ അവര്‍ എല്‍ഡിഎഫിനൊപ്പം പോകാതിരിക്കുകയും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുകയും ചെയ്തു. ഉമ്മന്‍ചാണ്ടി അനാരോഗ്യം മൂലം സജീവമല്ലാത്തത് കോണ്‍ഗ്രസിനും തിരിച്ചടിയായി. ഈ ഇടമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ബിഷപ്പുമാര്‍ ഉള്‍പ്പെടെ വിവിധ സഭകളിലെ വൈദികരുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും ലവ് ജിഹാദ് പോലുള്ള വിഷയങ്ങളില്‍ പൊതുവായ കാരണം കണ്ടെത്താന്‍ ശ്രമിച്ചുമാണ് ബിജെപി ഇവിടേക്ക് നുഴഞ്ഞ് കയറിയത്. സീറോ-മലബാര്‍ കത്തോലിക്ക വിഭാഗക്കാരുമായി ഇതുവഴി അടുക്കാനായെങ്കിലും റബ്ബറിന്റെ വിലയിടിവ് പോലുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനത തിരിച്ചടിയായി.
വര്‍ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷം, സംരക്ഷിത വനമേഖലകള്‍ക്കുള്ള ബഫര്‍ സോണുകളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളാണ്. മധ്യകേരളത്തിലെ കാര്‍ഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗമാണ് റബ്ബര്‍. 2013 മുതല്‍ ആഭ്യന്തര വിപണി മാന്ദ്യത്തിലായതിനാല്‍ പ്രകൃതിദത്ത റബ്ബറിന്റെയും റബ്ബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതി തടയണമെന്ന് കര്‍ഷകര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് വരികയാണ്.
എന്നാല്‍ 10 വര്‍ഷത്തിലേറെയായി അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അവഗണിക്കുകയായിരുന്നു. ഇതോടൊപ്പം ഉത്തരേന്ത്യയിലെ പള്ളികള്‍ക്കും മിഷനറിമാര്‍ക്കും നേരെ സംഘപരിവാറുമായി ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളും ബിജെപി നീക്കത്തിന് തിരിച്ചടിയാണ്. എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നീണ്ട തടങ്കലും തുടര്‍ന്നുള്ള മരണത്തിലും വൈദികര്‍ ആശങ്കാകുലരാണ്.

സഭയും സംഘപരിവാറും തമ്മിലുള്ള ഭിന്നതയ്ക്ക് മറ്റൊരു കാരണമാകുന്നത് ദളിത് ക്രിസ്ത്യാനികള്‍ക്കുള്ള സംവരണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ആര്‍എസ്എസ് നിലപാടാണ്. ഇത് സഭയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ കീഴില്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത് കേരളത്തില്‍ ചില പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നതുമാണ്. എന്നാല്‍ സംഘപരിവാറിന്റെ വിശ്വ സംവാദ് കേന്ദ്ര ഇതിനെ എതിര്‍ക്കുന്നുണ്ട്.
ക്രിസ്ത്യന്‍ വോട്ട് ബാങ്കിലേക്കുള്ള നുഴഞ്ഞ് കയറ്റത്തെ സിപിഎം പ്രതിരോധിക്കുന്നത് ഉത്തരേന്ത്യയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങളെ ചര്‍ച്ചയാക്കി കൊണ്ടാണ്. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് വിരമിച്ച സിവില്‍ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയോട് പ്രധാനമന്ത്രി ആദ്യം പ്രതികരിക്കണം എന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നിലെ കാരണവും ഇത് തന്നെ.
ഇതൊക്കെയാണെങ്കിലും കേരള ജനതയുടെ ബിജെപി വിരുദ്ധ മനോഭാവം മാറ്റാന്‍ പാര്‍ട്ടിക്ക് ഈ തന്ത്രങ്ങള്‍ മാത്രം മതിയാകില്ല എന്നതും വസ്തുതയാണ്. കാരണം അടുത്തിടെ നടന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ ക്രിസ്ത്യാനികള്‍ ഒരു ഘടകമായിരുന്നില്ല. തിരുവനന്തപുരത്തും പാലക്കാടും തൃശ്ശൂരും കാസര്‍ഗോഡും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഹിന്ദുവോട്ടുകള്‍ ആണ് ബിജെപിക്ക് തുണയായത്.

അതിനാല്‍ തന്നെ ക്രിസ്ത്യന്‍ വോട്ട് മാത്രം ലക്ഷ്യമിട്ടുള്ള നീക്കം എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം. മാത്രമല്ല ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ വോട്ട് ബിജെപി വിരുദ്ധമായി ഏകീകരിക്കുന്നതിലേക്കും നയിക്കും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതാണ് കണ്ടത്. ബിജെപി ക്രിസ്ത്യന്‍ സമൂഹത്തോട് അടുക്കുംതോറും മുസ്ലിം സമുദായം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ പിന്നില്‍ അണിനിരക്കും.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ
തങ്ങളുടെ പതിവ് വോട്ട് ബാങ്കിന് പുറമെ മുസ്ലീം വോട്ടുകള്‍ തങ്ങളുടെ പക്ഷത്ത് എത്തിച്ച് കേരളത്തില്‍ ബിജെപിയെ ചെറുക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത് എന്നതിനാല്‍ ബിജെപി തന്ത്രം തിരിച്ചടിക്കാനാണ് സാധ്യത. എങ്കിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ബിജെപി പിന്നോട്ടില്ല എന്ന് വ്യക്തമാണ്.
നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവും ക്രൈസ്തവ സഭാ മേലധ്യക്ഷമന്‍മാരുമായുള്ള കൂടിക്കാഴ്ചയും ജോണി നെല്ലൂരിന്റെ പുതിയ പാര്‍ട്ടിയുടെ ഉദയവും എല്ലാം സൂചിപ്പിക്കുന്നത് അതിലേക്കാണ്. പൂഞ്ഞാറിന് അപ്പുറത്തേക്ക് പിന്തുണയില്ലെങ്കിലും പിസി ജോര്‍ജിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി അധികാരം പിടിക്കുക എന്ന ഉത്തരേന്ത്യയിലെ തന്ത്രം തന്നെയാണ് കേരളത്തിലും ബിജെപി നടപ്പാക്കാന്‍ പോകുന്നത്, അതിന്റെ മാര്‍ഗം വേറെയാണെന്ന് മാത്രം.












Click it and Unblock the Notifications