കൊച്ചി കൂടുതൽ സുന്ദരിയാവുന്നു; ക്വീൻസ് വാക്‌വേയിൽ നവീകരണ പദ്ധതി നടപ്പാക്കും, ടെൻഡർ ക്ഷണിച്ചു
കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ, വേഗത്തിൽ വികസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് കൊച്ചി. മെട്രോ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളും വാട്ടർ മെട്രോ പോലെയുള്ള മറ്റ് പ്രത്യേകതകളും ഒക്കെ കൊച്ചിക്ക് മാത്രമാണ് സ്വന്തം. പറഞ്ഞുവരുന്നത് കൊച്ചിയ്ക്ക് അടുത്ത കാലത്തായി ഉണ്ടായ മാറ്റങ്ങളെ കുറിച്ചാണ്. ഇപ്പോഴിതാ കൊച്ചിയുടെ സൗന്ദര്യവത്കരണത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റമാണ് ഉണ്ടയായിരിക്കുന്നത്.
നഗരത്തിലെ പ്രധാന വിനോദ, ഭക്ഷണ കേന്ദ്രങ്ങളിലൊന്നായ ചാത്യാത്ത് റോഡിലുള്ള ക്വീൻസ് വാക്‌വേ നവീകരണത്തിനൊരുങ്ങുകയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗോശ്രീ ദ്വീപുകളുടെ വികസന അതോറിറ്റി ഇതിന്റെ പരിപാലനത്തിനുള്ള ടെൻഡർ വീണ്ടും വിളിച്ചതോടെയാണ് നിരവധി സൗന്ദര്യവൽക്കരണ പദ്ധതികൾ ഇവിടെ വീണ്ടും ആരംഭിക്കുന്നത്.

കഴിഞ്ഞ ഡിസംബറിൽ മൂന്നുവർഷത്തെ ടെൻഡർ കാലാവധി അവസാനിച്ചതോടെയാണ് ജിഐഡിഎ വാക്‌വേയിലെ ഭക്ഷണ സ്‌റ്റാളുകൾ അടച്ചുപൂട്ടുകയും ഈ മാസം ആദ്യം പരിപാലന ടെൻഡർ വീണ്ടും വിളിക്കുകയും ചെയ്‌തത്. എട്ട് ദ്വീപ് പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷനിലെ രണ്ട് ഡിവിഷനുകളിലും സംയോജിത വികസനം ലക്ഷ്യമിടുന്ന ജിഐഡിഎ, ഈ നവീകരണം ഈ വർഷം മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികൃതരുടെ അഭിപ്രായത്തിൽ ഇവിടെ പുതിയ ഭക്ഷണ കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനൊപ്പം 1.8 കിലോമീറ്റർ നീളമുള്ള കായലോര വാക്‌വേയുടെ പരിപാലനവും പദ്ധതിയിലൂടെ ഉറപ്പാക്കും. നവീകരണത്തിനുശേഷം ഈ പ്രദേശം ഭംഗിയാക്കി നിലനിർത്താനാണ് പദ്ധതിയെന്നാണ് ജിഐഡിഎ സെക്രട്ടറി രഘുറാം അറിയിച്ചു.
നിലവിൽ ഇവിടെ ബെഞ്ചുകളും ആവശ്യത്തിന് ഇരിപ്പിട സൗകര്യങ്ങളും നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. ടെൻഡർ ലഭിക്കുന്ന കരാറുകാരനാണ് ഓപ്പൺ ജിം, വാക്‌വേ, തുറന്ന സ്ഥലങ്ങൾ എന്നിവയുടെ പരിപാലന ചുമതല. പുതിയ ടെൻഡറിൻ കീഴിൽ നിലവിലുണ്ടായിരുന്ന ഭക്ഷണ കിയോസ്‌കുകൾ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ ക്വീൻസ് വാക്ക് വേ ഗ്രാനൈറ്റ് പാകിയ നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, പൂന്തോട്ടങ്ങൾ, എൽഇഡി വിളക്കുകൾ എന്നിവ ഉപയോഗിച്ച് മനോഹരമാക്കിയിരുന്നു. ഇത് മേഖലയിൽ എത്തുന്നവർക്ക് വളരെയധികം സൗകര്യപ്രദമായി ഉപയോഗപ്പെടുത്താവുന്ന നിലയിലാണ് സജ്ജീകരിച്ചത്. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു ഇതിന്റെ നവീകരണം പൂർത്തിയാക്കിയത്. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും പുതിയ നീക്കം.
അതിനിടെ ഷണ്മുഖം റോഡിലെ വിവിധ സ്ഥാപനങ്ങളുടെ അതിർത്തി ഭിത്തികളിൽ പ്രത്യേകതരം സസ്യങ്ങൾ നട്ടുപിടിപ്പിക്കാൻ ഹോർട്ടികൾച്ചർ സൊസൈറ്റി ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്‌തിരുന്നു. നട്ടുപിടിപ്പിക്കൽ മാത്രമല്ല ഇവയുടെ മുന്നോട്ടുള്ള നടത്തിപ്പിനും ധാരണയായിട്ടുണ്ട്. ഈ സസ്യങ്ങളുടെ പരിപാലന ചുമതല അതാത് സ്ഥാപനങ്ങൾ ഏറ്റെടുക്കാമെന്നാണ് സമ്മതിച്ചത്.
നഗരത്തിലെ വികസന പ്രവർത്തനങ്ങൾ ഒരു വശത്ത് നല്ല രീതിയിൽ നടക്കുന്ന വേളയിലാണ് സൗന്ദര്യവത്കരണവും മറ്റൊരു ഭാഗത്ത് നടപ്പാക്കുന്നത്. പണ്ട് മുതലേ കൊച്ചിയ്ക്ക് ഉള്ള ദുഷ്‌പേരുകളിൽ ഒന്നായിരുന്നു വൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ശ്രദ്ധ കുറവ്. അതൊക്കെ മാറ്റി നഗരത്തെ വിനോദ സഞ്ചാരികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന നിലയിലേക്ക് മാറ്റാനാണ് അധികൃതരുടെ ശ്രമം.












Click it and Unblock the Notifications