കൊച്ചി മെട്രോ രണ്ടാം ഘട്ടം; 11 കിലോമീറ്റർ ട്രാക്കിന് ചിലവ് 1957 കോടി! അഞ്ച് സ്‌റ്റേഷനുകൾ അടുത്ത ജൂണോടെ
കൊച്ചി: കേരളത്തിലെ സാമ്പത്തിക-വ്യവാസായിക തലസ്ഥാനം എന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം ഊട്ടിയുറപ്പിച്ച ഒന്നായിരുന്നു മെട്രോയുടെ വരവ്. ആദ്യഘട്ടത്തിൽ മെട്രോ വരുന്നതിനെ കുറിച്ച് ചില ആശങ്കകൾ ഉയർന്നിരുന്നെങ്കിലും അതിനെയൊക്കെ കാറ്റിൽപറത്തി ഇപ്പോൾ മികച്ച ലാഭത്തോടെയാണ് മെട്രോ കുതിപ്പ് തുടരുന്നത്. കൂടാതെ കൊച്ചിയിലെ ഉയർന്ന ട്രാഫിക് ബ്ലോക്കിന് ഇടയിൽ മെട്രോ എന്നത് വലിയൊരു ആശ്വാസം തന്നെയാണ്.
നിലവിലെ സാഹചര്യത്തിൽ കൊച്ചി മെട്രോ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോവുമ്പോൾ രണ്ടാംഘട്ടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കൊച്ചിയുടെ വികസന സ്വപ്‌നങ്ങൾ ചിറക് വീശിക്കൊണ്ടാണ് മെട്രോ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത്. അടുത്ത പതിനാറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടം കൂടി വന്നാൽ സംഗതി കൂടുതൽ ഉഷാറാവും.

എങ്കിലും ഇതിന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. അതിൽ പ്രധാനമാണ് ഭൂമിയേറ്റെടുക്കൽ. നടപടിക്രമങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാലതാമസ്സം ഒഴിവാക്കാനുള്ള നിർദേശം എറണാകുളം ജില്ലാ കലക്‌ടർ നൽകിയിട്ടുണ്ട് . കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദ്ദേശം.
ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടം കൂടി പൂർത്തിയായാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് പ്രയോജനമാവും. അതുകൊണ്ട് തന്നെയാണ് പദ്ധതി വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുന്നത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
1957.05 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് II വരെ നീളുന്നതായിരിക്കും. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ 11 സ്‌റ്റേഷനുകൾ ആയിരിക്കും ഉണ്ടാവുക. ഇതിൽ അഞ്ച് സ്‌റ്റേഷനുകളുടെ നിർമ്മാണം അടുത്ത ജൂൺ മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) രണ്ടാം ഘട്ടത്തിന് ഭാഗികമായി ധനസഹായം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർണമായും പൂർത്തിയാക്കി 2028 ആദ്യത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷ. ഇത് കൂടി പൂർത്തിയായാൽ മെട്രോയുടെ നിലവാരം അപ്പാടെ മാറും.
കൊച്ചി മെട്രോ രണ്ടാംഘട്ടം: പ്രവർത്തി പുരോഗമിക്കുന്നു
മെട്രോ രണ്ടാംഘട്ടത്തിന് കുതിപ്പേകാൻ പലയിടത്തും പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ട പാത ഒരുക്കാൻ ഇതിനകം 65 തൂണുകളാണ് സ്ഥാപിച്ചത്. വിവിധ തൂണുകളിലിലായി 18 പിയർ ക്യാപുകളും സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ട്. പിയർ ക്യാപ് സ്ഥാപിച്ച ഇടങ്ങളിൽ ഗർഡറുകൾ ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെഎംആർഎൽ ഇപ്പോൾ.
പാലാരിവട്ടം, ആലിൻചുവട്, ചെന്പുമുക്ക്, വാഴക്കാല, സെസ്, കിൻഫ്രപാർക്ക് എന്നിവിടങ്ങളിലാണ് നിലവിൽ തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിനകം 90 യു ഗർഡറും 72 ഐ ഗർഡറും നിർമിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിനായി ആകെ വേണ്ടത് 490 യു ഗർഡറും 534 ഐ ഗർഡറുമാണ്. 99 പിയർ ക്യാപുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് 371 എണ്ണം വേണ്ടിവരും.
കൂടാതെ ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക് സ്‌റ്റേഷനുകളുടെ പൈലിങ്ങും പൂർത്തിയായിട്ടുണ്ട്. ഈ സ്‌റ്റേഷനുകൾ വേഗത്തിൽ തന്നെ നിർമ്മാണം പൂർത്തിയാക്കിയേക്കും. ട്രാക്ക് നിർമാണത്തിനുള്ള ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. കാര്യങ്ങൾ കൃത്യമായി നടന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.












Click it and Unblock the Notifications