കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; കാരണം സാമ്പത്തിക തര്‍ക്കം?
കോഴിക്കോട്: പട്ടാപ്പകല്‍ ആയുധധാരികളായ സംഘം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്. 21 വയസുള്ള അനൂഷ് റോഷന്‍ വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം അനൂഷിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.
സംഘത്തിന്റെ കൈയില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. KL 65 L8306 എന്ന നമ്പറിലുള്ള വെളുത്ത സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം എത്തിയത്. കാറിന്റെ ദൃശ്യം സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അജ്മലിന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പ്രാഥമിക നിഗമനം.

ഇക്കാര്യം അനൂസിന്റെ അമ്മ ജമീലയും സ്ഥിരീകരിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എന്നും മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ കൊടുക്കാനുള്ളത് ലക്ഷങ്ങളാണെന്നും ജമീല പറയുന്നു. ഒരാള്‍ക്ക് മാത്രം 35 ലക്ഷം കൊടുക്കാനുണ്ട്. വൈകീട്ട് നാല് മണിയോടെ വീട്ടിലെത്തിയ സംഘം ബെല്ലടിക്കുകയായിരുന്നു.
ആ സമയത്ത് അനൂസിന്റെ പിതാവ് റഷീദ് ആണ് പുറത്തേക്ക് വന്നത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചത് എന്നും അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിനെ കൊണ്ട് പോയത് എന്നും ജമീല പറഞ്ഞു. സംഘത്തിലെ രണ്ട് പേര്‍ മുന്‍പും വീട്ടില്‍ വന്നിട്ടുണ്ടെന്നും പൈസ തരാം സാവകാശം തരണം എന്നു പറഞ്ഞെങ്കിലും കേട്ടില്ല എന്നും ജമീല പറഞ്ഞു. അനൂസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
സംഘം വീട്ടിലെത്തിയത് രണ്ട് വാഹനങ്ങളിലായാണ്. ഇവര്‍ മുഖം മൂടിയിരുന്നു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications