'തിരഞ്ഞെടുപ്പ് കാലത്ത് പ്രതികരിച്ചത് തെറ്റ്, വിയോജിപ്പ് പറയേണ്ട സമയമല്ലിത്'; സന്ദീപ് വാര്യർക്കെതിരെ മേജർ രവി
പാലക്കാട്: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പാർട്ടിക്കെതിരെ പടയൊരുക്കം നടത്തിയ സന്ദീപ് വാര്യർക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായി മേജർ രവി. സന്ദീപിന്റെ നിലപാടുകളെ നിശിതമായി വിമർശിച്ച മേജർ രവി തിരഞ്ഞെടുപ്പ് കാലത്ത് വിയോജിപ്പ് രേഖപ്പെടുത്തിയത് തെറ്റായെന്നാണ് വിമർശിച്ചത്. സന്ദീപ് കേഡർ പാർട്ടി സ്വഭാവം മനയിലാക്കേണ്ടതായിരുന്നു എന്നും മേജർ രവി ചൂണ്ടിക്കാണിച്ചു.
ട്വന്റി ഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്ദീപ് അഭിപ്രായം തുറന്ന് പറയേണ്ടത് മറ്റൊരു ഘട്ടത്തിലായിരുന്നു. ഇക്കാര്യം വ്യക്തിപരമായി തന്നെ സന്ദീപിനോട് സംസാരിച്ചുവെന്നും മേജർ രവി വ്യക്തമാക്കി. സന്ദീപ് എവിടേക്കും പോയിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി അംഗം കൂടിയായ മേജർ വിഷയത്തിൽ നേരത്തെ തന്നെ ഇടപെട്ടിരുന്ന വ്യക്തിയാണ്. സന്ദീപ് വാര്യർ ഒരിക്കലും ബിജെപി വിട്ട് മാർക്‌സിസ്‌റ്റ് പാർട്ടിയിലേക്ക് പോവില്ലെന്നാണ് വിശ്വാസമെന്നായിരുന്നു മുൻപ് മേജർ രവി പറഞ്ഞത്. സന്ദീപിനോട് കാത്തിരിക്കാൻ താൻ ആവശ്യപ്പെട്ടുവെന്നും അസ്വാരസ്യങ്ങൾ പാർട്ടിക്കുള്ളിൽ സാധാരണയാണെന്നും മേജർ രവി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സമ്മർദ്ദത്തിന് വഴങ്ങാൻ കൂട്ടാക്കാതെ സന്ദീപ് വാര്യർ പരസ്യ പ്രതികരണം നടത്തിയതോടെയാണ് ഇപ്പോൾ മേജർ രവിയും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറിനെതിരെ സന്ദീപ് വാര്യർ ആഞ്ഞടിച്ചിരുന്നു. കൃഷ്‌ണകുമാറും ഭാര്യയും പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.
കൂടാതെ ദിവസങ്ങളോളം കാത്തിരുന്നിട്ടും തനിക്ക് അപമാനം നേരിട്ട സംഭവത്തിൽ ഒരു നേതാവ് പോലും ആശ്വസിപ്പിക്കാൻ എത്തിയില്ലെന്നും പ്രതികരിക്കാൻ തയ്യാറായില്ലെന്നും സന്ദീപ് വാര്യർ ആരോപിച്ചിരുന്നു. ഇതോടെ സന്ദീപ് പാർട്ടി വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സിപിഐയിലേക്കാവും സന്ദീപ് വാര്യർ പോവുക എന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
എങ്കിലും ഇതുവരെയും വിഷയത്തിൽ പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ മേജർ രവിയുടെ വാക്കുകളും സൂചിപ്പിക്കുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം സന്ദീപിനെതിരെ ബിജെപി നടപടി എടുത്തേക്കും എന്ന സൂചനയുണ്ട്. എന്നാൽ നവംബർ 20ന് പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട നടപടിക്ക് ബിജെപി തുനിയില്ല.
കാരണം അത്തരത്തിൽ ഒരു നടപടി എടുത്താൽ ഒരു പക്ഷേ സന്ദീപ് പാർട്ടി വിടാനുള്ള സാധ്യകൾ മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവിൽ നടപടി നീട്ടി വയ്ക്കാനാണ് അവർ ആലോചിക്കുന്നത്. സന്ദീപുമായി ഇനി ചർച്ചകൾ വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെയും തീരുമാനം. അങ്ങനെയെങ്കിൽ നവംബർ 20ന് മുൻപ് സന്ദീപ് വാര്യർ പാർട്ടി വിടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications