അന്ന് മമ്മൂട്ടിയും മോഹന്‍ലാലും 50000 തന്നു, അമ്മ ഉണ്ടായത് ഇങ്ങനെ, ഇനി ചുമതലയിലേക്കില്ലെന്ന് ഗണേഷ്
തിരുവനന്തപുരം: അമ്മ സംഘടനയുടെ ചുമതലയിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി ഗണേഷ് കുമാര്‍. നിലവില്‍ അദ്ദേഹം വൈസ് പ്രസിഡന്റാണ്. ഞെട്ടിച്ച പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അമ്മ സൂപ്പര്‍ താരങ്ങളെ മുതലെടുത്താണ് വളര്‍ന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഘടന ഉണ്ടായതിന്റെ കാരണങ്ങള്‍ അടക്കം അദ്ദേഹം വെളിപ്പെടുത്തി. അമ്മ സംഘടന കാരണം തനിക്ക് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ടെന്നും, അത് ഇനി വേണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

ഇനി ഭാരവാഹിത്വമില്ല
അമ്മയുടെ ചുമതലകളില്‍ നിന്ന് താന്‍ പൂര്‍ണമായും ഒഴിയുകയാണെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഇനി ഭാരവാഹിത്വത്തിലേക്ക് മത്സരിക്കില്ല. ഇതൊന്നും ആരോടും പിണക്കമുണ്ടായിട്ടല്ല. സിനിമയിലും രാഷ്ട്രീയത്തിലും കൂടുതല്‍ ശ്രദ്ധ വേണം. അതിന് വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംഘടന ഉണ്ടായ കാലം മുതല്‍ ഒപ്പമുണ്ടെന്നും ഗണേഷ് വ്യക്തമാക്കി.

മണിയന്‍പിള്ള രാജുവിനൊപ്പം....
സംഘടന രൂപീകരിക്കാന്‍ ഏറ്റവും കഷ്ടപ്പെട്ടത് ഞാനും മണിയന്‍പ്പിള്ള രാജുവും ചേര്‍ന്നാണ്. അമ്മയുടെ ചരിത്രത്തില്‍ ഇതൊന്നും ഉണ്ടാവുമോ എന്നറിയില്ല. അന്ന് ഞാനും രാജുവും സ്വന്തം കാറെടുത്ത് എല്ലാ നടീ നടന്മാരുടെയും വീട്ടില്‍ പോയി കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നു. എന്നിട്ടാണ് അവരെ അംഗങ്ങളാക്കിയത്. അന്ന് 2500 രൂപയായിരുന്നു അംഗത്വ ഫീസ്. പലരും ഞങ്ങളെ പുച്ഛത്തോടെ മടക്കി അയച്ചു. അന്ന് പുച്ഛിച്ചവര്‍ പിന്നീട് സംഘടനയില്‍ അംഗത്വമെടുത്തു. പിന്നീട് അമ്മയുടെ കൈനീട്ടം വാങ്ങുന്നവര്‍ വരെയായി.

മമ്മൂക്കയും ലാലേട്ടനുമില്ലാതെ നടക്കില്ല
താരസംഘടന ഉണ്ടാക്കുന്നതിനായി നല്ല രീതിയില്‍ സഹകരിച്ചവരുണ്ട്. എംജി സോമനും വേണു നാഗവള്ളിയുമെല്ലാം വളരെ നന്നായി തന്നെ സഹകരിച്ചു. അമ്മ ഇന്ന് കാണുന്ന സമ്പന്ന നിലയിലേക്ക് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ സൂപ്പര്‍ താര പദവി ഉപയോഗിച്ചാണ്. എല്ലാവരും ഇങ്ങനെ പറയും, മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ മാറി നിന്നാലെന്താണ് എന്നൊക്കെ. അതൊന്നും ഒരിക്കലും നടക്കില്ല. അമ്മ എന്ന സംഘടന അവരില്ലാതെയില്ല. സംഘടന ഉണ്ടായത് അവരുടെ തണലിലാണ്.

ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോര
അമ്മ സംഘടന ഉണ്ടാക്കാന്‍ ഞങ്ങളെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ അമ്മ പോലൊരു സംഘടന ഉണ്ടാവില്ല. അതിന് ലാലേട്ടനും മമ്മൂക്കയും സഹായിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കിട്ടേണ്ട പരിപാടികളും, സിനിമയുമെല്ലാം അവര്‍ സൗജന്യമായി ചെയ്ത് തന്നിട്ടുണ്ട്. അതെല്ലാം സംഘടനയ്ക്ക് വേണ്ടിയായിരുന്നു. അമ്മയ്ക്കുള്ള ആദ്യ പ്രവര്‍ത്തന മൂലധനം പോലും സൂപ്പര്‍ താരങ്ങളാണ് നടന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അരലക്ഷം രൂപ വീതം തന്നു. ഞാനും രാജുവും പണം ചെലവാക്കി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്തിട്ടുണ്ട്. പലരുടെയും വിലാസം കണ്ടുപിടിച്ചാണ് സംസാരിച്ചത്.

ബൈലോ എഴുതിയത് നാഗവള്ളി
അമ്മയുടെ ബൈലോ വേണു നാഗവള്ളിയുടെ കൈയ്യക്ഷരത്തിലാണ് എഴുതിയത്. അന്ന് എംജി സോമനായിരുന്നു പ്രസിഡന്റ്. ഞങ്ങള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുക്കുമ്പോള്‍ സോമന്‍ ജര്‍മനിയിലായിരുന്നു. അഭിനേതാക്കള്‍ക്ക് ഒരു സംഘടന വേണമെന്നത് അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതുപോലെ തന്നെ കാര്യങ്ങള്‍ വന്നു. ഞാന്‍ ഈ സംഘടനയുടെ കൂടെ 25 വര്‍ഷം നിന്നു. ഇനി ബാക്കിയുള്ളവര്‍ നടത്തട്ടെയെന്നും, അവിടെ ഒരു ലൂസ് ടോക്ക് ഉണ്ടാക്കാന്‍ താല്‍പര്യമില്ലന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മയില്‍ ക്രമക്കേടില്ല
അമ്മയില്‍ ഒരു ക്രമക്കേടും ഇല്ല. ഈ സംഘടന ആരെയും ഉപദ്രവിക്കാനുള്ളതല്ല. പക്ഷേ എനിക്ക് ചില പ്രശ്‌നങ്ങളുണ്ട്. പല വിവാദങ്ങളിലും ഞാന്‍ ചെന്ന് ചാടുന്നത് അമ്മ എന്ന സംഘടന കാരണമാണ്. അത് എന്തിനാണെന്ന് എനിക്കും തോന്നുന്നുണ്ട്. അനാവശ്യ വിഷയങ്ങളില്‍ താരസംഘടനയ്ക്ക് വേണ്ടി എന്നെ വലിച്ചിഴയ്‌ക്കേണ്ടില്ല. ഒരു സമാധാനത്തിന് കൂടിയാണ് ഞാന്‍ മാറി നില്‍ക്കുന്നത്. അമ്മയില്‍ നിന്ന് ഞാന്‍ അഞ്ചിന്റെ പൈസ ഇതുവരെ കൈപ്പറ്റിയില്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു. വേണ്ടപ്പെട്ട പലരോടും സംഘടനയുടെ പേരും പറഞ്ഞ് പിണങ്ങി. ഇനി അതിന് താല്‍പര്യമില്ലെന്നും ഗണേഷ് വ്യക്തമാക്കി.

സിനിമയില്‍ തുടരുമോ?
മാറി നില്‍ക്കാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ അത് സിനിമയില്‍ അല്ല. നല്ല സിനിമ വരികയാണെങ്കില്‍ ഇവിടെ തന്നെയുണ്ടാവും. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. മലയാള സിനിമ വലിയൊരു ബജറ്റ്, അതായത് നൂറുകോടിയൊക്കെ ചെലവഴിച്ച് എടുത്ത സിനിമയാണത്. അത് തന്നെ വലിയ കാര്യമാണ്. ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് നല്‍കാതിരുന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഗണേഷ് വ്യക്തമാക്കി.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications