'ടൊവിനോയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, ഹരീഷിന് വലിയൊരു തുക അയച്ചു നല്‍കി'
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ഹരീഷ് പേങ്ങന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നടന്‍ ടൊവിനോ തോമസ് വലിയ തുക നല്‍കി സഹായിച്ചിരുന്നുവെന്ന് ഹരീഷിന്റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വര്‍ഗീസ്. ഹരീഷിന്റെ രോഗവിവരം അറിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ തന്നെ ടൊവിനോ തോമസ് പണം അയച്ചുതന്നെന്നും ഇനി ആവശ്യം വന്നാല്‍ വിളിക്കണമെന്ന് പറയുകയും ചെയ്‌തെന്ന് മനോജ് കെ വര്‍ഗീസ് പറഞ്ഞു.
'സഹോദരി കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായതോടെ ഹരീഷിനെ രക്ഷപ്പെടുത്താന്‍ വേണ്ട ചികിത്സകള്‍ ആരംഭിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ വഷളായി. ഒടുവില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഒരു ചെറിയ കുട്ടി ഹരീഷിന് വേണ്ടി ഏഴ് രൂപ അയച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും വിഫലമാക്കിക്കൊണ്ടാണ് ഹരീഷ് പേങ്ങന്‍ വിടവാങ്ങിയത്'.

'തന്റെ അടുത്ത സുഹൃത്തും അയല്‍വാസിയുമാണ് ഹരീഷ്. കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. ഒരു സിനിമയുടെ ഡബ്ബിംഗിന് പോയപ്പോഴാണ് വയറുവേദനയുണ്ടായത്. ഇതിന് മുമ്പ് പാന്‍ക്രിയാസുമായി ബന്ധപ്പെട്ട ചില അസ്വസ്ഥകതകള്‍ അനുഭവപ്പെട്ടിരുന്നു. അന്ന് അമൃത ആശുപത്രിയിലാണ് ചികിത്സിച്ചത്. അതുകൊണ്ടാണ് ഇത്തവണയും അമൃതയിലേക്ക് പോയത്. കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടി ഹരീഷിനെ അമൃതയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ പിറ്റേ ദിവസം കൊണ്ട് ബി പി കുറഞ്ഞു. ശ്വാസം എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി'.
'സ്‌കാനിംഗ് നടത്തിയപ്പോഴാണ് ചെറുകുടലില്‍ മുഴുവന്‍ ഇന്‍ഫക്ഷന്‍ ആയി അമോണിയ രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് അറിഞ്ഞത്. കരള്‍ മുക്കാല്‍ ഭാഗത്തോളം നശിച്ചിരിക്കുകയാണെന്ന് ആ സ്‌കാനിംഗിലൂടെയാണ് മനസിലായത്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ ഇനി രക്ഷയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരള്‍ നല്‍കാന്‍ തയാറായി. പരിശോധനയില്‍ അത് മാച്ച് ആകും എന്ന് മനസ്സിലായി, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു'.
'ടൊവിനോ തോമസ് വലിയൊരു തുക അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ട് അയച്ചുതന്നിരുന്നു. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അദ്ദേഹത്തോട് കാര്യം പറഞ്ഞ് പത്ത് മിനിറ്റിനകം തന്നെ പണം അയച്ചു തന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിനോട് അടുപ്പമുള്ള സുഹൃത്തുക്കളും ടെക്‌നീഷ്യനും സഹായിച്ചു. ഒരുപാട് പേരൊക്കെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു'.
'ഹരീഷിന്റെ ചികിത്സയ്ക്കായി ഇതുവരെ 17 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ട്. ഹരീഷിന് കിട്ടിയ ധനസഹായത്തിന് മുഴുവന്‍ കണക്കും ചെലവായ തുകയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പടെ ഉടന്‍തന്നെ കുടുംബം പുറത്തുവിടും. ഹരീഷിന് വേണ്ടി പണം വാങ്ങിയിട്ട് കരള്‍ മാറ്റി വയ്ക്കല്‍ നടന്നതുമില്ല, പണം തട്ടിയെടുത്തു എന്ന പഴി പിന്നീട് ഒരിക്കല്‍ കേള്‍ക്കരുത്'- മനോജ് വര്‍ഗീസ് പറഞ്ഞു.












Click it and Unblock the Notifications