ഹംസാക്ക പല്ലുപോയ സിംഹം? ശക്തമായ പോരാട്ടത്തിന് യുവാവ് വേണം!! വിജയ പ്രതീക്ഷയെന്ന് ഫൈസല്‍

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ചിത്രം വ്യക്തമായി. യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി കളത്തിലിറങ്ങിയപ്പോള്‍ സിപിഎം പോരിനിറക്കിയത് യുവാവ് അഡ്വ.എംബി ഫൈസലിനെ. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി മല്‍സരിപ്പിക്കുന്നത് ശ്രീപ്രകാശിനെയാണ്.

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍. പ്രമുഖ മുന്നണികള്‍ക്കെല്ലാം സ്ഥാനാര്‍ഥികളായതോടെ മലപ്പുറത്തെ പോരാട്ടചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇനി പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് സ്ഥാനാര്‍ഥികള്‍.

ടികെ ഹംസ പരിചയ സമ്പന്നന്‍

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് പാര്‍ട്ടിയിലെ പ്രമുഖനും ശക്തനുമായ ദേശീയ നേതാവ് കുഞ്ഞാലിക്കുട്ടിയെ ആണ്. അതുകൊണ്ട് തന്നെ ശക്തനായ എതിരാളിയെ നിര്‍ത്തുമെന്നാണ് സിപിഎം നേതൃത്വങ്ങള്‍ അറിയിച്ചിരുന്നത്. ഈ വേളയിലാണ് മുന്‍ എംപി ടികെ ഹംസയുടെ പേര് ഉയര്‍ന്നുവന്നത്. പക്ഷേ അനാരോഗ്യമാണ് അദ്ദേഹത്തിന് തടസമായതെന്ന് നേതാക്കള്‍ പറയുന്നു.

ഹംസ ഇറങ്ങിയാല്‍ കളി കാര്യമാവും!!

ടികെ ഹംസയുടെ പേരാണ് കഴിഞ്ഞദിവസം പരിഗണിച്ചതില്‍ കൂടുതലും സാധ്യത കല്‍പ്പിച്ചിരുന്നത്. 2004ല്‍ മഞ്ചേരി മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ മലര്‍ത്തിയടിച്ച് ചരിത്ര വിജയം നേടിയ ഹംസ പോരിനിറങ്ങിയാല്‍ കളി കാര്യമാവുമെന്നായിരുന്നു അണികള്‍ കരുതിയതും. പക്ഷേ ചര്‍ച്ച അന്തിമമായി എത്തിയത് ഫൈസലിലേക്കാണ്.

2004ല്‍ സംഭവിച്ചത്

ടികെ ഹംസയെ പോലെ പരിചയ സമ്പന്നന്‍ വേണം മല്‍സര രംഗത്തെന്ന് സിപിഎമ്മിലെ ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എപി വിഭാഗം സുന്നികളോട് അദ്ദേഹത്തിനുള്ള അടുപ്പം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. ഈ അടുപ്പം 2004ല്‍ പാര്‍ട്ടിക്ക് ഗുണമായിരുന്നു.

മജീദിനെ മലര്‍ത്തിയടിച്ച ഹംസാക്ക

മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിനെ മലര്‍ത്തിയടിച്ചാണ് ടികെ ഹംസ 2004ല്‍ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മഞ്ചേരിയില്‍ ചരിത്ര വിജയം നേടിയത്. ഹംസയെ കൂടാതെ ജില്ലാ പഞ്ചായത്തംഗം ടിപി റഷീദലിയുടെ പേരും സിപിഎം പരിഗണിച്ചിരുന്നു. മങ്കടയില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച സിപിഎം നേതാവാണ് റഷീദലി.

ശക്തനെ തേടിയ സിപിഎം

സംവിധായകന്‍ കമലിനെ ഇടത് സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ മല്‍സരിക്കില്ലെന്ന് കമല്‍ തന്നെ വ്യക്തമാക്കി. പിന്നീടാണ് റഷീദലിയുടെ പേര് ഉയര്‍ന്നുവന്നത്. കൂടെ ഫൈസലിന്റെയും. കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ ശക്തനെ മല്‍സരിപ്പിക്കണമെന്ന് സിപിഎമ്മില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

 ഇ അഹമ്മദിന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം

2014ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദ് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. സപിഎം മല്‍സരിപ്പിച്ചത് പികെ സൈനബയെയായിരുന്നു. അതുകൊണ്ട് തന്നെയാണ് അഹമ്മദിന്റെ ഭൂരിപക്ഷം ഇത്ര കൂടിയതെന്ന് സംസാരമുണ്ടായിരുന്നു.

യുവാവായ ഫൈസലിനെ നിയോഗിക്കുന്നു

ഇത്തവണ യുവരക്തം വേണോ അതോ പരിചയ സമ്പന്നനായ ഒരാളെ നിര്‍ത്തണോ എന്നായിരുന്നു എല്‍ഡിഎഫിലെ പ്രധാന ചര്‍ച്ച. ശക്തമായ പോരാട്ടം നടത്താന്‍ യുവാവായ ഫൈസലിനെ നിയോഗിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അതോടെയാണ് ഹംസ പിന്നിലേക്ക് മാറ്റപ്പെട്ടത്.

ഫൈസലിന് വിജയപ്രതീക്ഷ

വിജയപ്രതീക്ഷയോടെയാണ് മല്‍സരത്തിന് ഇറങ്ങുന്നതെന്ന് എംബി ഫൈസല്‍ പറഞ്ഞു. പാര്‍ട്ടി നല്‍കിയ അംഗീകാരം ഉത്തരവാദിത്തത്തോടെ നിറവേറ്റും. ദേശീയ രാഷ്ട്രീയമാവും പ്രചാരണത്തിലെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷമാണ് ശരി

മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന കാലത്ത് ഇടതുപക്ഷമാണ് ശരിയെന്ന് ഫൈസല്‍ പറഞ്ഞു. ആ വിലയിരുത്തലിനുള്ള വിധിയെഴുത്തായി മലപ്പുറം ഉപതിരഞ്ഞെടുപ്പ് മാറും. ജില്ലയിലെ യുവത്വവും പൊതുസമൂഹവും ഇടതുപക്ഷത്തിനൊപ്പമാണെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

ഇടതു ഭരണത്തിന്റെ വിലയിരുത്തലാവും

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗമാണ് ഇടത് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ വിലയിരുത്തലാവും മലപ്പറം ഉപതിരഞ്ഞെടുപ്പെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് കോടിയേരിയുടെ കുത്ത്

ഈ മാസം 20ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടതിന് ഉദാഹരണമാണ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയെ തീരുമാനമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

English summary
MB Faisal LDF candidate in Malappuram. TK Hamza, TK Rasheedali remove from the list.
Please Wait while comments are loading...