കോഴിക്കോടിന്റെ വിദൂരപ്രദേശങ്ങളില്‍ വൈദ്യസേവനം നല്കാന്‍ മൊബൈല്‍ ക്ലിനിക്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷനും ചേര്‍ന്ന് സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആധുനിക മൊബൈല്‍ ക്ലിനിക് തുടങ്ങുന്നു. കോഴിക്കോട് ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും മികച്ച വൈദ്യസേവനം സൗജന്യമായി ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ ക്ലിനിക്. ജില്ലയിലെ 40 വിദൂരഗ്രാമങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

ഐഎസ്എല്‍ മാത്രമല്ല... എല്‍ ക്ലാസിക്കോയും ഇനി മലയാളം പറയും!! വാട്ട് എ ചെയ്ഞ്ച്...

ഡിസംബര്‍ 23-ന് രാവിലെ പത്തിന് കൂരാച്ചുണ്ടിലെ സെന്റ് തോമസ് പാരിഷ് ഹാളില്‍ സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍വച്ച് പുരുഷന്‍ കടലുണ്ടി എംഎല്‍എ മൊബൈല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷന്റെ സ്ഥാപകന്‍ ബെന്നി പുളിക്കേക്കര, സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.

clinic2

കോഴിക്കോട് ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പോലും മികച്ച ഗുണമേന്മയുള്ള വൈദ്യസേവനം ലഭ്യമാക്കുന്നതിന് ഈ മൊബൈല്‍ ക്ലിനിക്കിലൂടെ സാധിക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനും രോഗാവസ്ഥയ്ക്ക് ചികിത്സ നടത്തുന്നതിനും ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കാന്‍ ഗ്രാമവാസികളെ സഹായിക്കുന്നതിനും ക്ലിനിക് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

clinic1


എല്ലാ മാസവും 40 ഗ്രാമങ്ങളില്‍ മൊബൈല്‍ ക്ലിനിക് സന്ദര്‍ശനം നടത്തും. പരിശോധനാമുറി, രണ്ട് ഔട്ട്‌പേഷ്യന്റ് മുറികള്‍, രോഗികള്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലം എന്നിവയാണ് ക്ലിനിക്കിലുള്ളത്. വിദഗ്ധരായ ഫിസിഷ്യന്മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായി ഓരോ ദിവസവും രണ്ട് സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക് സന്ദര്‍ശനം നടത്തും. ലാബറട്ടറി, ഇസിജി, ഫാര്‍മസി, രക്താതിസമ്മര്‍ദ്ദ പരിശോധന എന്നീ സൗകര്യങ്ങളും മൊബൈല്‍ ക്ലിനിക്കിലുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.


മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ് കാന്‍സര്‍ നിര്‍ണയ പദ്ധതി ഉദ്ഘാടനം ചെയ്യും. ഏറ്റവും അര്‍ഹരായവര്‍ക്ക് അവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ലക്ഷ്യമിട്ടുളള ഉദ്യമത്തിന് എല്ലാ സഹായവും നല്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷന്റെ സ്ഥാപകന്‍ ബെന്നി പുളിക്കേക്കര പറഞ്ഞു. ഈ സേവനം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English summary
Mobile clinic service for kozhikode rural areas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്