മൺസൂൺ ബംബർ അടിച്ച 11 ചേച്ചിമാർ ഭാഗ്യം സ്വന്തമാക്കാൻ തിരുവനന്തപുരത്തേക്ക്; കയ്യിൽ കിട്ടുക ഇത്ര
തിരുവനന്തപുരം: ഇത്തവണ മൺസൂൺ ബംബറിലൂടെ ഭാഗ്യം തേടിയെത്തിയത് മലപ്പുറത്തെ 11 ചേച്ചിമാരെ ആയിരുന്നു. പത്ത് കോടിയാണ് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ സേനയിലെ അംഗങ്ങൾക്ക് ലഭിച്ചത്. വളരെ സാധാരണക്കാരായ ഇവർക്കാണ് ലോട്ടറി അടിച്ചത് എന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും പറയാൻ ഉണ്ടായത് അർഹതപ്പെട്ട കൈകളിൽ തന്നെയാണ് സമ്മാനം എത്തിയത് എന്നാണ്.
ലോട്ടറി അടിച്ച് ഒരു മാസം ആകുമ്പോൾ സമ്മാനർഹമായ തുക കൈപ്പറ്റാൻ തിരുവനന്തപുരത്തേക്ക് പോവുകയാണ് ഈ ചേച്ചിമാർ. നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖി ഭവനിൽ രാവിലെ 9.30 ക്ക് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ തുക വിജയികൾക്ക് കൈമാറുക, ഗാതാഗതമന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങളിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥി ആണ്.

നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ഏ ജയതിലകും തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും കുടുംബശ്രീ മിഷൻ ഡയറക്ടർ ജാഫർ മാലിക്കും ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈറും ചടങ്ങിന് ആശംസകൾ നേരും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ് ആണ് സ്വാഗതം ജോയിന്റ് ഡയറക്ടർ പി മനോജ് കൃതജ്ഞതയും രേഖപ്പെടുത്തും.
MB 200261 എന്ന നമ്പറിന് ആണ് ഈ വർഷത്തെ മൺസൂൺ ബംബറിന്റെ 10 കോടി അടിച്ചത്, 250 രൂപ ആയിരുന്നു ബംബർ ടിക്കറ്റ് വില. 11 പേരും ഷെയറിട്ടായിരുന്നു ടിക്കറ്റ് എടുത്തത്. 9 പേർ 25 രൂപ വീതവും ബാക്കിയുള്ള രണ്ട് പേർ ബാക്കിതുകയും ചേർത്ത് നൽകിയാണ് ടിക്കറ്റ് വാങ്ങിയത്.
എത്ര രൂപ അടിച്ചാലും തുല്യമായി വീതിക്കുമെന്ന് നേരത്തെ പറഞ്ഞതായിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. അതേസമയം, പത്ത് കോടിയാണ് സമ്മാനം അടിച്ചത് എങ്കിലും ഇവർക്ക് ലഭിക്കുക ഏകദേശം 6 കോടി 16 ലക്ഷം രൂപയാണ്. നികുതിയും കമ്മീഷനും കഴിച്ചുള്ള തുകയാണ് ഇത്.












Click it and Unblock the Notifications