ദേശീയപാത കേന്ദ്ര പദ്ധതിയെന്ന് വി മുരളീധരൻ, കേന്ദ്ര ഫണ്ട് ഔദാര്യമല്ലെന്ന് റിയാസ്; പരസ്‌പരം ഏറ്റുമുട്ടി...
കാസർഗോഡ്: ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പരസ്‌പരം ഏറ്റുമുട്ടി മുഹമ്മദ് റിയാസും, വി മുരളീധരനും. പദ്ധതികൾ സംബന്ധിച്ച അവകാശവാദത്തെ ചൊല്ലിയാണ് കേന്ദ്ര മന്ത്രി വി മുരളീധരനും, മന്ത്രി പിഎ മുഹമ്മദ് റിയാസും പരിപാടിയിൽ കൊമ്പുകോർത്തത്. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്‌റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനാണെന്നായിരുന്നു വി മുരളീധരന്റെ പരിഹാസം.
പല പദ്ധതികളും കേന്ദ്ര ഫണ്ട് കൊണ്ടാണ് നടത്തുന്നത്. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുരളീധരന്റെ പരിഹാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കേന്ദ്ര ഫണ്ട് അടക്കമുള്ള വിഷയങ്ങളിൽ റിയാസ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ് പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. ഇനിയും സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരും. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായാത്. എന്നാൽ ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും പൊതുമരാമത്ത് മന്ത്രി പ്രതികരിച്ചു.
ദേശീയപാത വികസനത്തിന് കേരളം പണമൊന്നും നൽകിയിട്ടില്ലയെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ വരെ കുപ്രചാരണം നടത്തി. കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി തന്നെ പാർലമെന്റിൽ ആ കുപ്രചാരണം അവസാനിപ്പിച്ചുവെന്നും റിയാസ് മറുപടി നൽകി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി വലിയതോതിൽ ആളെക്കൂട്ടി കാസർഗോഡ് ഉദ്‌ഘാടന പരിപാടികൾ നടന്നത്, ബൂത്ത് തലം മുതൽ അണികളെത്തി. എന്നാൽ തുടക്കം മുതൽ നാടകീയതയായിരുന്നു ചടങ്ങിനെ ചുറ്റിപറ്റി നിലനിന്നത്.
മംഗളൂരുവിൽ ഇറങ്ങേണ്ട വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ മൂലം കേന്ദ്ര മന്ത്രിമാരായ നിധിൻ ഗഡ്‌കരി, വി മുരളീധരൻ ചടങ്ങായിൽ എന്നിവർ നേരിട്ട് പങ്കെടുക്കില്ലെന്ന് അവസാന നിമിഷം അറിയിച്ചു. പരിപാടി തുടങ്ങി വേദിയിൽ അവശേഷിച്ചത് ഇടത്, വലത് ജനപ്രതിനിധികൾ മാത്രം. ഉദ്ഘാടനത്തിന് കാത്തിരിക്കാതെ അണികൾ ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു.
തുടർന്നാണ് ചടങ്ങ് രാഷ്ട്രീയ വാക്പോരിന് വേദിയായത്. ഓൺലൈനിലൂടെ നടത്തിയ പ്രസംഗത്തിനിടെ ആദ്യം പോർവിളി തുടങ്ങിയത് കേന്ദ്ര മന്ത്രി മുരളീധരനായിരുന്നു. മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് മുഹമ്മദ് റിയാസ് ചെയ്‌തത്. ഒടുവിൽ രാഷ്ട്രീയ ഭിന്നതകൾക്ക് ഇടയിലും വിവിധ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും, തറക്കില്ലിടലും കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി ഓൺലൈനിലൂടെ നിർവഹിച്ചു.












Click it and Unblock the Notifications