ഹരിതയെ 'ഒതുക്കി' മുസ്ലിം ലീഗ്; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല, വനിതകള്‍ പിന്മാറുമോ?
മലപ്പുറം: ഹരിത ഭാരവാഹികള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയില്ല. വനിതാ ഭാരവാഹികളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം നേരിടുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ ഖേദപ്രകടനം നടത്തും. ഫേസ്ബുക്കിലൂടെയായിരിക്കും ഖേദ പ്രകടനം. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി മുസ്ലിം ലീഗ് നേതൃത്വം പിന്‍വലിച്ചു. വനിതാ കമ്മീഷന് നല്‍കിയ പരാതി ഹരിത ഭാരവാഹികള്‍ പിന്‍വലിക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പികെ നവാസിന് പുറമെ എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തായിരുന്നു എന്ന് ലീഗ് നേതൃത്വം വിലയിരുത്തി. ഇക്കാര്യം അവര്‍ക്ക് ബോധ്യപ്പെട്ടു. വിവാദ പരാമര്‍ശം എംഎസ്എഫ് നേതാക്കള്‍ ദുരുദ്ദേശത്തോടെ പറഞ്ഞതല്ലെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. പരാമര്‍ശത്തില്‍ മൂന്ന് എംഎസ്എഫ് നേതാക്കളും നിര്‍വ്യാജം ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിക്കുമെന്നും മുസ്ലിം ലീഗ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കും. എംഎസ്എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഇനി തുടര്‍ നടപടിയുണ്ടാകില്ല. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കാനും മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. എംഎസ്എഫും ഹരിതയും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഇവര്‍ യോജിച്ച് മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികളുണ്ടാകുമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
മുസ്ലിം ലീഗ് നേതാക്കളുടെ നിയന്ത്രണത്തില്‍ പുതിയ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സെല്‍ ആയിരിക്കും ഇരു വിഭാഗത്തെയും നിയന്ത്രിക്കുക. പരാതികള്‍ പരിഹരിക്കുന്നതും ഈ സെല്‍ ആയിരിക്കും. എംഎസ്എഫിന്റെ ജില്ലാ കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ഇരു സംഘടനകളുടെയും ഭരണഘടനകളില്‍ കാലോചിതമായ മാറ്റം വരുത്തും. മലപ്പുറം ഹരിത കമ്മിറ്റിയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും വാര്‍ത്താ കുറിപ്പില്‍ മുസ്ലിം ലീഗ് അറിയിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വിഎ വഹാബ്, കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് ഹരിത നേതാക്കളുടെ പരാതി. ഇവര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഹരിതയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പരാതി പിന്‍വലിക്കണമെന്ന ആവശ്യം നേതാക്കള്‍ മുന്നോട്ട് വച്ചെങ്കിലും ഹരിത ഭാരവാഹികള്‍ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി ലീഗ് മരവിപ്പിച്ചു. മൂന്ന് എംഎസ്എഫ് നേതാക്കളോടും 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനിടെ പോലീസ് വനിതാ നേതാക്കളില്‍ നിന്ന് മൊഴിയെടുക്കല്‍ ആരംഭിച്ചു. മാത്രമല്ല, നവാസിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചയാണ് സമവായത്തിലെത്തിയത്. ഹരിത നേതാക്കളെയും എംഎസ്എഫ് നേതാക്കളെയും അദ്ദേഹം കണ്ടിരുന്നു.
ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍
അതേസമയം, ഹരിത നേതാക്കളുടെ പരസ്യ പ്രസ്താവന വന്നിട്ടില്ല. മൂന്ന് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കുകയുള്ളൂ എന്നാണ് ഹരിത ഭാരവാഹികളുടെ പഴയ നിലപാട്. ഇത് അവര്‍ മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, എംകെ മുനീര്‍, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് മലപ്പുറത്തെ ലീഗ് ഓഫീസില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. രാത്രി 12 മണി വരെ നടന്ന ചര്‍ച്ചയില്‍ ചില ധാരണകളിലെത്തുകയായിരുന്നു.
Recommended Video
ജൂണില്‍ കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ വനിതാ നേതാക്കള്‍ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. ജില്ലാ നേതാവ് ഫോണില്‍ വിളിച്ചും അധിക്ഷേപിച്ചുവെന്ന് ഹരിത ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നത്.












Click it and Unblock the Notifications