ചരിത്രം തിരുത്തി മുസ്ലീം ലീഗ്; കാല്‍ നൂറ്റാണ്ടിന് ശേഷം വനിത... 'സുന്ദര മുഖങ്ങള്‍'ക്ക് നിരാശ തന്നെ
മലപ്പുറം: കാല്‍ നൂറ്റാണ്ടിന്റെ ചീത്തപ്പേര് മാറ്റിക്കൊണ്ട് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്നത് വനിതാ ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ്.
വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ സമസ്തയുടെ ഭാഗത്ത് നിന്ന് ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഇതിന് മുമ്പ് മുസ്ലീം ലീഗിന് ഒരു വനിത സ്ഥാനാര്‍ത്ഥി ഉണ്ടായത് 1996 ല്‍ ആയിരുന്നു. ഇത്തവണ പ്രതീക്ഷിക്കപ്പെട്ട പല പേരുകളും തള്ളിയാണ് നൂര്‍ബിന റഷീദ് പട്ടികയില്‍ ഇടം നേടിയത്. വിശദാംശങ്ങള്‍...
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

വനിത ലീഗ്
വനിത ലീഗ് നേതാവായ നൂര്‍ബിന റഷീദ് ഇപ്പോള്‍ ദേശീയ സെക്രട്ടറിയാണ്. വനിത കമ്മീഷന്‍ മുന്‍ അംഗമാണ് ഇവര്‍. ഇത്തവണ സാധ്യത പട്ടികയില്‍ ആദ്യം മുതലേ നൂര്‍ബിന റഷീദിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.

അഭിഭാഷക
കോഴിക്കോട് ബാറിലെ അറിയപ്പെടുന്ന അഭിഭാഷക കൂടിയാണ് നൂര്‍ബിന റഷീദ്. മുമ്പും പലതവണ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കപ്പെട്ട പേരുകാരിയാണ് നൂര്‍ബിന. എന്നാല്‍ അപ്പോഴെല്ലാം വനിത സ്ഥാനാര്‍ത്ഥി എന്നത് തന്നെ തള്ളപ്പെടുകയായിരുന്നു.

മുസ്ലീം ലീഗ് സെക്രട്ടേറിയറ്റ്
മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്ന പ്രത്യേകത കൂടിയുണ്ട് നൂര്‍ബിന റഷീദിന്. 2018 ല്‍ ആയിരുന്നു നൂര്‍ബിനയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് അന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ത്രീ ഇടം പിടിച്ചത്.

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പ്
ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമേ മുസ്ലീം ലീഗ് വനിത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടുള്ളു. 1996 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്- 2 മണ്ഡലത്തില്‍ ഖമറുന്നീസ അന്‍വര്‍ ആയിരുന്നു അന്നത്തെ സ്ഥാനാര്‍ത്ഥി. അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനോട് മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.

സുന്ദരമുഖങ്ങള്‍ ഉണ്ടാവില്ല
ഇത്തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടും എന്ന് പ്രതീക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഫാത്തിമയുടെ സ്ഥാനാര്‍ത്ഥിത്വം പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ ആരുടേയെങ്കിലും സുന്ദര മുഖങ്ങള്‍ വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരും എന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മുമ്പേ പറഞ്ഞിരുന്നു.

വനിത ലീഗ് നല്‍കിയ പട്ടിക
ഇത്തവണ വനിത സ്ഥാനാര്‍ത്ഥിയുണ്ടാകണം എന്നാവശ്യപ്പെട്ട് വനിത ലീഗ് മുസ്ലീം ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നൂര്‍ബിന റഷീദിനെ കൂടാതെ സംസ്ഥാന അധ്യക്ഷയായ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകളാണ് അന്ന് വനിത ലീഗ് മുന്നോട്ട് വച്ചത്. ഇപ്പോള്‍ അതില്‍ നിന്ന് തന്നെ ഒരാളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ദേവര്‍കോവിലുമായി
കോഴിക്കോട് സൗത്ത് മണ്ഡല ഇത്തവണ എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത് ഐഎന്‍എല്ലിനാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആണ് ഇവിടെ അഹമ്മദ് ദേവര്‍കോവിലിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നൂര്‍ബിന റഷീദും അഹമ്മദ് ദേവര്‍കോവിലും തമ്മിലാണ് ഇനി പോരാട്ടം.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications