മലപ്പുറത്തെ യുവാവിന്‍റെ മരണത്തിൽ ദുരൂഹത; ഫോറന്‍സിക് പരിശോധന നടത്തി
മലപ്പുറം: മഞ്ചേരിയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തില്‍ മരിച്ച യുവാവിന്റെ മരണത്തില്‍ ദൂരുതഹയെന്ന് പോലീസ്. പോലീസ് വിദഗ്ധ പരിശോധന നടത്തി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് കിഴക്കേത്തല പൊട്ടിക്കുന്ന് പാറക്കല്‍ അലിയുടെ മകന്‍ അബ്ദുല്‍ നിസാര്‍ (38) ആണ് അപകടത്തില്‍ മരിച്ചത്.
കഞ്ചാവ് വില്‍പ്പനക്കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ് നിസാര്‍.
സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നുള്ള ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ഉദയകുമാര്‍, ജോഷി എന്നിവരും തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധന്‍ ദിനേശ് എന്നിവരാണ് എത്തിയത്.

നിസാറിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു
നിസാറും സുഹൃത്തുക്കളും മാലാങ്കുളത്തെ പറമ്പിലിരുന്ന് മദ്യപിച്ച സ്ഥലം, അപകടം നടന്ന മാലാംകുളം ജംഗ്ഷന്‍, നിസാര്‍ മരണപ്പെട്ട നഗരമധ്യത്തിലെ കടത്തിണ്ണ എന്നിവിടങ്ങളില്‍ നിന്ന് രക്ത സാമ്പിളുകള്‍, മുടി, മണ്ണ് എന്നിവ സംഘം പരിശോധനക്കായി ശേഖരിച്ചു. നിസാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
തിങ്കളാഴ്ച രാത്രി മഞ്ചേരി കിഴക്കേത്തല മാലാംകുളം ജങ്ഷനിലാണ് അപകടം. നിസാറും സുഹൃത്തുക്കളായ അലി ഷൈഖര്‍, ഫിറോസ് എന്നിവരും ഒരു ബൈക്കില്‍ തടപ്പറമ്പില്‍ നിന്നും മഞ്ചേരിയിലേക്ക് വരുമ്പോഴാണ് അപകടം. മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. പരിക്കേറ്റ മൂവരെയും അതു വഴി വന്ന ഓട്ടോ ഡ്രൈവര്‍ ടൗണിലെത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിസാര്‍ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായില്ല. നഗരത്തിലെ കടത്തിണ്ണയില്‍ കിടന്ന ഇയാളെ രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് നാട്ടുകാരാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു മരണം.
കഞ്ചാവ് വില്‍പ്പന നടത്തിയതിന് ശിക്ഷയനുഭവിച്ചയാളാണ് നിസാര്‍ എന്നതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ദിവസം തന്നെ അഭ്യൂഹം പരന്നിരുന്നു.
എന്നാല്‍ ബൈക്കില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചതെന്ന് നിസാര്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായി പൊലീസ് അന്നു പറഞ്ഞത്. ഭാര്യയും രണ്ട് മക്കളുമുള്ള നിസാര്‍ ഒരു വര്‍ഷമായി പാലക്കുളം മംഗലശ്ശേരിയിലെ വീട്ടില്‍ നിന്ന് അകന്ന് കഴിയുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇതിനെത്തുടര്‍ന്ന് നിസാര്‍ പരിക്കേറ്റ് കിടന്ന കടത്തിണ്ണയില്‍ പൊലീസ് കാവലേര്‍പ്പെടുത്തുകയും ചെയ്തു.
ഫാത്തിമയാണ് മരിച്ച നിസാറിന്റെ മാതാവ്. ഭാര്യ: സഹ്‌ല പെരുമ്പാവൂര്‍, മക്കള്‍: നിഹാല, റിസ്‌വാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ നാസര്‍, ഫൈസല്‍, റജീന, ഹഫ്‌സ, സജ്‌ന, സബ്‌ന. വാഹന അപകട മരണത്തിന് പൊലീസ് കേസ്സെടുത്തു. എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി












Click it and Unblock the Notifications