ദിലീപിനെതിരെ പുതിയ കുറ്റം ചുമത്തിയേക്കും; മറ്റുചിലരും പ്രതികളാകും... നിഷേധിച്ച് രാമന്‍പിള്ള
കൊച്ചി: ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചുവെന്നാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. മുംബൈയിലെ ലാബിലെത്തിച്ച് രേഖകള്‍ നീക്കം ചെയ്തുവെന്നാണ് പറയുന്നത്. മൊബൈലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന് ശേഷമാണ് ചില കളികള്‍ നടന്നതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു.
ഒരു ഫോണിന് 75000 രൂപ വീതം നല്‍കിയാണ് രേഖകള്‍ നശിപ്പിച്ചത് എന്ന് ലാബിലുള്ളവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്രെ. ഇതിനിടെയാണ് ദിലീപിനെതിരെ പുതിയ കുറ്റംകൂടി ചുമത്തുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചേക്കും...

തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്ന് ശേഖരിച്ച മൊബൈല്‍ ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വളരെ ഗൗരവമുള്ള ആരോപണമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം കേസില്‍ നിര്‍ണായകമാകും.

ഫോണ്‍ കൈമാറുന്നതിന് ചില തടസങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. മുംബൈലാണ് ഫോണ്‍ എന്ന് പ്രതികള്‍ ബോധിപ്പിച്ചു. ശേഷം ഇവ നാട്ടിലെത്തിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറി. രജിസ്ട്രാര്‍ കീഴ്‌ക്കോടതിക്ക് കൈമാറുകയും തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഈ പരിശോധനയിലാണ് ഫോണിലെ രേഖകള്‍ നശിപ്പിച്ചു എന്ന് കണ്ടെത്തിയത്. ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ട ശേഷമാണ് മുംബൈയിലെ ലാബില്‍ വച്ച് രേഖകള്‍ നശിപ്പിച്ചത് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരും കൂട്ടുനിന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയുടെ സഹായത്തോടെയാണ് രേഖകള്‍ നശിപ്പിച്ചതത്രെ.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് മൊബൈലുകള്‍ പരിശോധിച്ചത്. ഈ കേസില്‍ ദിലീപ് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയില്‍ നിന്ന് നേടിയിരുന്നു. കേസന്വേഷണത്തില്‍ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ സുപ്രധാന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം.

രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. മാത്രമല്ല, തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ദിലീപിനെതിരെ ചുമത്താനും ആലോചനയുണ്ട്. കേസിലെ ഗൗരവം അറിഞ്ഞിട്ടും രേഖകള്‍ മായ്ക്കാന്‍ കൂട്ടുനിന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മുംബൈയിലെ ലാബ് അധികൃതര്‍ക്കെതിരെയും കേസെടുക്കും.

മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയെന്ന സ്ഥാപനം സമാനമായ രീതിയില്‍ മറ്റു ചിലരെയും സഹായിച്ചോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഭാവിയില്‍ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള രേഖകള്‍ മൊബൈലിലോ കംപ്യൂട്ടറുകളിലോ ശേഷിക്കുന്നുണ്ടെങ്കില്‍ ഇവ കണ്ടെത്തി നശിപ്പിക്കാന്‍ സാധിക്കും. ഇങ്ങനെ രേഖ നശിപ്പിക്കുന്നതിന് വലിയ തുക ഈടാക്കുന്ന രഹസ്യ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്.
മണല്‍പ്പരപ്പില്‍ കറുപ്പണിഞ്ഞ് അഹാന കൃഷ്ണ; ഹോളിവുഡ് താരത്തെ പോലെ കിടിലന്‍ ലുക്കില്‍ നടി

ആദായ നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ ദിലീപിന്റെ മൊബൈലിലെ രേഖകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നോ എന്ന് പരിശോധിച്ചുവരികയാണ്. അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരം മുംബൈയിലെ ലാബിനെ സമീപിച്ചു എന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. മുംബൈിയിലെ ലാബില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നശിപ്പിച്ച ശേഖകള്‍ ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചുവെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള നിഷേധിച്ചു. ഒരു യാഥാര്‍ഥ്യവുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ്, സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുടേതടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരത്തെ സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് രേഖകള്‍ നശിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞത്.












Click it and Unblock the Notifications