'വഴങ്ങാത്തവർക്ക് അവസരമില്ല, എതിർത്താൽ അശ്ലീല ഭാഷയിൽ സൈബർ ആക്രമണം'; ഹേമ കമ്മിറ്റി റിപ്പോർട്ട്
തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. വ്യാപകമായ ലൈംഗിക ചൂഷണം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. അടിസ്ഥാന മനുഷ്യാവകാശം പോലും സ്ത്രീകൾക്ക് മലയാള സിനിമയിൽ നിഷേധിക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വഴങ്ങാത്തവർക്ക് അവസരം നഷ്‌ടമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. നടിമാരുടെ വതിലുകളിൽ മുട്ടുന്നത് പതിവാണെന്നും എതിർക്കുന്നവർക്ക് എതിരെ ശക്തമായ സൈബർ ആക്രമണം അഴിച്ചുവിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. വഴങ്ങാത്ത ആളുകളെ പ്രശ്‌നകാരായി മുദ്ര കുത്തുകയാണെന്നും അതിനാൽ പലരും ഭയം കൊണ്ട് പോലീസിനെ സമീപിക്കുന്നില്ലെന്നും പറയുന്നു.

മലയാള സിനിമയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ലഹരി മാഫിയയുടെ പിടിയിലാണ് സിനിമയെന്നും ഉൾപ്പെടെ ഗുരുതരമായ വെളിപ്പെടുത്തലുകൾ വേറെയുമുണ്ട്. പ്രൊഡക്ഷൻ കൺട്രോളർമാരെ റിപ്പോർട്ടിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവനെ ഭയന്നാണ് പോലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍ മൊഴി നൽകി. പ്രതികരിക്കുന്നവര്‍ക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി തന്നെ നശിപ്പിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ആരെയും നിരോധിക്കാന്‍ ശക്തിയുള്ളവരാണ് ഇക്കൂട്ടർ. അവസരം കിട്ടാന്‍ വിട്ടുവീഴ്‌ച ചെയ്യണം. പോലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴിയെന്നും പറയുന്നു. നടിമാർ നേരിടുന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുണ്ട്.
പല നടിമാരും സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നഗ്‌ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ കമന്റിട്ട്, പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഇത് കൂടാതെ അശ്ലീല ചുവയുള്ള ട്രോളുകളും ധാരാളമുണ്ടെന്നും വാട്‍സ് ആപ്പ് മുഖേനയുള്ള കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications