ഓരോ മലയാളിയും കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്ന കാലം; പ്രവാസലോകത്തെ ഓണം
ലോകമെമ്പാടും സാന്നിധ്യമുള്ളവരാണ് മലയാളികള്‍. അതിനാല്‍ തന്നെ മലയാളിയുള്ളിടത്തെല്ലാം കേരളീയരുടെ ദേശീയ ഉത്സവമായ ഓണവും കൊണ്ടാടും. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഉള്ളവരേക്കാള്‍ സമൃദ്ധമായി ഓണം ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണയും ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.
യുഎഇ അടക്കമുള്ള പ്രവാസ ലോകത്ത് ചില സംഘടനകള്‍ ഇതിനകം ഓണം ആഘോഷിച്ചു. ഇത്തവണ തിരുവോണ ദിനത്തിന് ഗള്‍ഫില്‍ നബിദിന അവധിയാണ്. ശനി, ഞായര്‍ വാരാന്ത്യ അവധി കൂടിയായതിനാല്‍ ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍ എല്ലാവരും. അത്തം മുതല്‍ തന്നെ മലയാളി കുടുംബങ്ങളും അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും പൂക്കളമിടാന്‍ തുടങ്ങിയിട്ടുണ്ട്.

മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ തിരുവോണത്തിന് തകര്‍പ്പന്‍ പരിപാടികളും അരങ്ങേറും. ഗള്‍ഫിലുള്ള കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി ഒരിടത്ത് വെച്ച് ഓണം ആഘോഷിക്കാനും പദ്ധതിയിട്ടുണ്ട്. ഓണം നാട്ടിലായാലും വിദേശത്തായാലും ഒത്തുകൂടലിന്റെ കാലം കൂടിയാണ്. അതിനാല്‍ തന്നെ പ്രവാസ ലോകത്ത് ഒറ്റക്കാണെങ്കിലും ഓണക്കാലത്ത് കൂടെ താമസിക്കുന്ന മറ്റ് രാജ്യക്കാരും കൂടി ഓണാഘോഷത്തിന്റെ ഭാഗമാകും.
ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ പ്രാദേശികാഘോഷത്തിന് ലോകമെമ്പാടുമുള്ളവര്‍ ഭാഗമാകുന്നതും ഓണത്തിന് മാത്രം സാധ്യമാകുന്ന ഒന്നാണ്. ഈ സമയം ഓരോ മലയാളിയും കേരളത്തിന്റെ അംബാസഡര്‍ ആയി മാറും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരോട് ഓണത്തിന്റെ പിന്നിലുള്ള മിത്തുകളെ പരിചയപ്പെടുത്തിയും നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മകള്‍ പങ്ക് വെച്ചും പ്രവാസി മലയാളികള്‍ ഈ സമയം ഗൃഹാതുരത്വത്തിന്റെ പാട്ടുകാരന്‍ കൂടിയാകും.
ഒപ്പം കേരളത്തിന്റെ സാംസ്‌കാരികമായ ചരിത്രം കൂടി ലോകര്‍ക്ക് മുന്നിലേക്ക് എത്തും. ഇലയില്‍ വിളമ്പി വെച്ചിരിക്കുന്ന ഓണ സദ്യയിലെ ഓരോ വിഭവങ്ങള്‍ക്കുമുണ്ടാകും ഓരോ കഥ പറയാന്‍. ഇതെല്ലാം അറിയാനും കേള്‍ക്കാനും കാത്തിരിക്കുന്ന ഇതര രാജ്യക്കാരനോട് അവ പങ്ക് വെച്ച് ഓരോ പ്രവാസി മലയാളിയും സ്‌നേഹവും സാഹോദര്യവും വാണിരുന്ന മാവേലിക്കാലത്തെ കുറിച്ച് വാചാലരാകും.
ഇത്തവണ ഓണവിപണി ലക്ഷ്യമാക്കി കേരളത്തില്‍ നിന്ന് തന്നെ സദ്യയ്ക്ക് വേണ്ട പച്ചക്കറികളും ഓണ സദ്യ കഴിക്കേണ്ട വാഴയിലകളും എല്ലാം എത്തിയിട്ടുണ്ട്. സദ്യ പ്രീ ബുക്കിംഗുകളും വേഗത്തില്‍ നടക്കുന്നുണ്ട്. രണ്ടും മൂന്നും കൂട്ടം പായസങ്ങള്‍ അടക്കം 25 തരം വിഭവങ്ങള്‍ ഉള്ള സദ്യയാണ് പലയിടത്തും ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന് രുചി പകരാന്‍ ഇന്ത്യയില്‍ നിന്ന് 2500 ടണ്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങളാണ് ജിസിസിയിലെ ഓണവിപണിയില്‍ ലുലു ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications