'പാർട്ടിയുടെ അടിത്തറയ്ക്ക് കോട്ടം തട്ടി, വോട്ടുകൾ ബിജെപിയിലേക്ക് പോയി'; തോൽവി വിലയിരുത്തി സിപിഎം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ടത് പാർട്ടിയുടെ അടിത്തറ തന്നെ ഇളക്കുന്ന തോൽവിയാണെന്ന വിലയിരുത്തലുമായി സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങളുള്ളത്. സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ചും പാർട്ടി റിപ്പോർട്ടിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എം സ്വരാജാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഈ അവലോകന റിപ്പോർട്ട് വിശദീകരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റികളിൽ സർക്കാരിനെതിരെയും പാർട്ടി നേതൃത്വത്തിന് എതിരെയും കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളാണ് സംസ്ഥാന സമിതിയുടെ നിർണായക അവലോകന റിപ്പോർട്ടിലുള്ളത് എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ട് ചോർച്ച ഉണ്ടായി എന്നാണ് നിരീക്ഷണം. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും വിലയിരുത്തലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒപ്പം ബൂത്തിലിരിക്കാൻ ആളില്ലാതിരുന്ന ഇടത്ത് പോലും ബിജെപി ലീഡ് ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതൊക്കെയും വിരൽ ചൂണ്ടുന്നത് സിപിഎമ്മിന്റെ വീഴ്‌ചയിലേക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
ഒരിക്കലും ഒരു കേഡര്‍ പാര്‍ട്ടിക്ക് സംഭവിക്കാന്‍ പാടില്ലാത്ത സംഘടനാ വീഴ്‌ചയാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും പരാമർശമുണ്ട്. ബിജെപിയുടെ പ്രവർത്തന മികവ് കൊണ്ടല്ല അവർക്ക് വോട്ട് വർധിച്ചത്, സിപിഎമ്മിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതു കൊണ്ടാണെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ ജനപ്രിയരാവുന്നുണ്ടെന്നും മറിച്ച് സിപിഎം പ്രതിനിധികളുടെ ജനപിന്തുണ ഇടിയുകയാണെന്നും പാർട്ടി വിലയിരുത്തുന്നു.
അതിനിടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സിപിഎം നേതാവ് കരമന ഹരി പാർട്ടി വിട്ടേക്കുമെന്നാണ് ലഭ്യമായ വിവരം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് കരമന ഹരി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും, സ്‌പീക്കർക്കും എതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങളിൽ പാർട്ടി വിശദീകരണം തേടിയിരുന്നു.
തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം ഉണ്ടെന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ കരമന ഹരിയുടെ പരാമർശം. ഇതോടെ ആരാണ് ഈ മുതലാളി എന്ന് വെളിപ്പെടുത്താൻ യോഗത്തില്‍ തന്നെ എം സ്വരാജ് ആവശ്യപ്പെട്ടു. പക്ഷേ ഹരി ഇതിന് തയ്യാറായിരുന്നില്ല, ഇതോടെ വിശദീകരണം തേടുകയായിരുന്നു.
കടുത്ത വിമർശനങ്ങളാണ് മറ്റ് ജില്ലാ കമ്മിറ്റികളുടെ ചുവടുപിടിച്ച് തിരുവനന്തപുരത്ത് നിന്നും ഉയർന്നുവന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കേസും, സ്‌പീക്കർ എഎൻ ഷംസീറിന്റെ ഇടപാടുകളും മുതൽ മേയർ ആര്യ രാജേന്ദ്രന്റെ നയങ്ങൾ വരെ വിമർശന വിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കരമന ഹരിയെ പോലെ ഒരു മുതിർന്ന നേതാവ് പാർട്ടി വിടുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.












Click it and Unblock the Notifications