ഗവർണർക്കെതിരായ ഹർജി; പഞ്ചാബ് കേസിലെ വിധി വായിച്ചുനോക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി
തിരുവനന്തപുരം: ബില്ലുകൾ തീർപ്പാക്കാത്ത കേരള ഗവർണറുടെ നടപടി ചോദ്യം ചെയ്‌തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ, പഞ്ചാബ് കേസിലെ ഉത്തരവ് വായിച്ചു നോക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതിന് ശേഷം മറുപടി അറിയിക്കാൻ ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിനോട് കോടതി നിർദേശിച്ചു.
അദാനി-ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ വാദം നീണ്ടുപോയതിനാൽ കേരളത്തിന്റെ ഹർജിയിൽ കുറച്ചു സമയം മാത്രമേ കോടതി ഇന്ന് വാദം കേട്ടുള്ളൂ. പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കേസിലെ പൂർണമായ വിധിപ്പകർപ്പ് ഇന്നലെ സുപ്രീം കോടതി പുറത്തുവിട്ടിരുന്നു. ബില്ലുകളിൽ ഒപ്പിടുന്ന ഗവർണറുടെ അധികാരത്തെ സംബന്ധിച്ച കാര്യങ്ങളും ഈ വിധിയിൽ പരാമർശിക്കുന്നുണ്ട്.

ഭരണഘടനയുടെ 200ആം അനുച്ഛേദം പ്രകാരം ബില്ലുകൾ ഒപ്പിടുന്നതിൽനിന്ന് നിയമസഭയെ മറികടക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ഗവർണർക്ക് ബിൽ തിരിച്ചയക്കാമെന്നും എന്നാൽ വീണ്ടും പരിഗണനയ്ക്ക് എത്തിയാൽ ഒപ്പിടണമെന്നുമാണ് 200ആം അനുച്ഛേദത്തിൽ പറയുന്നത്.
നിയമസഭ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നതാണെന്നും അതിനെ മറികടക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും വിധിപ്പകർപ്പിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിയാണ് കേരള രാജ്ഭവൻ സെക്രട്ടറിയോട് വായിച്ചുനോക്കാൻ സുപ്രീം കോടതി ഇന്ന് നിർദ്ദേശിച്ചത്.
ബില്ലുകൾ പിടിച്ചുവച്ചുകൊണ്ടു നിയമനിർമാണ സഭകളെ 'വീറ്റോ' ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്നും നിയമനിർമാണ സഭകളുടെ സാധാരണ നടപടിക്രമത്തെ തച്ചുടയ്ക്കാൻ ഗവർണർക്കു തന്റെ അധികാരം ഉപയോഗിക്കാനാകില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബില്ലിൽ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ അത് നിയമസഭയുടെ പുനഃപരിശോധനയ്ക്കായി മടക്കി നൽകണമെന്നും പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിന്റെ വിധിന്യായത്തിൽ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
അതേസമയം, ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമാണ് അത് നിയമമായി മാറുക. ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിക്കൊണ്ട് പോകുന്നവയുടെ കൂട്ടത്തില്‍ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍, ലോകായുക്ത ബില്‍ അടക്കമുളളവയുണ്ട്.
ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെങ്കില്‍ അവ പുനപരിശോധിക്കാാനായി സര്‍ക്കാരിന് തിരിച്ച് അയക്കാവുന്നതാണ്. അതിന് ശേഷവും ബില്ലുകളില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍ തിരിച്ച് അയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ഇത്തരത്തില്‍ ബില്ലുകളില്‍ ഒപ്പ് വെയ്ക്കാതെ ദീര്‍ഘനാള്‍ നീട്ടിക്കൊണ്ട് പോകാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications