'പിണറായി സൈക്കോപാത്ത്, വരാനിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികൾ..'; മുന്നറിയിപ്പുമായി കെ സുധാകരൻ
തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മുഖ്യമന്ത്രി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സൈക്കോ പാത്ത് ആണ്. ക്രൂരതയുടെ പര്യായമാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ ആരോപിച്ചു.
'പിണറായിക്ക് കൊലയാളി മനസാണ്. പിണറായി വിജയനെ നിലയ്ക്ക് നിർത്താൻ സിപിഎമ്മിൽ ആരുമില്ല. കരിങ്കൊടി കാണിക്കാൻ പോലും കേരളത്തിൽ പറ്റാതായി' കേരളത്തിൽ നിയമവാഴ്‌ച ഉണ്ടോ? എന്നും കെ സുധാകരൻ ചോദിച്ചു. 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്ന് മുന്നറിയിപ്പു നൽകിയ കെപിസിസി അധ്യക്ഷൻ, കോൺഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

സര്‍ക്കാരിനെതിരെ സമരം വ്യാപിക്കും. ഈ മാസം 27ന് ബ്ലോക്ക് തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവ കേരള സദസിലെ പോലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അറിയിച്ചു.
സംസ്ഥാന പോലീസ് മേധാവിയെയും അദ്ദേഹം വിമർശിച്ചു. ഡിജിപി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ് ഇപ്പോഴുളളത്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്‌ടിങ് ഡിജിപിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ട് പോവുകയാണെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഒന്നാം പ്രതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ ശശി തരൂർ,രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, പാലോട് രവി തുടങ്ങിയവരേയും പ്രതിചേർത്തിട്ടുണ്ട്.
കോൺഗ്രസിന്റെ ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ കഴിഞ്ഞ ദിവസം വലിയ സംഘർഷമാണ് നടന്നത്. വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു സംഘർഷം. സതീശൻ സംസാരിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിന് പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകയുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications