കൊച്ചിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് കെണിവച്ച് പോലീസ്; 2 കേസ്, ഷിയാസ്, കൊടിക്കുന്നില്‍ അടക്കം 15 പ്രതികള്‍
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുള്‍പ്പെടെ 15 നേതാക്കള്‍ക്കെതിരെ മരട് പോലീസ് കേസെടുത്തിട്ടുണ്ട്.
അതിന് പുറമെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ മറ്റൊരു കേസുമുണ്ട്. വൈകാതെ അറസ്റ്റുണ്ടാകും. ടോണി ചമ്മണി, ഷിയാസ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഒരു കേസെടുത്തത്. കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

റോഡ് ഉപരോധം നടത്തിയ കേസില്‍ 15 നേതാക്കളാണ് പ്രതികള്‍. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. ടിജി പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. വേഗത്തില്‍ തിരിച്ചറിയാവുന്ന നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ജോഷി പള്ളന്‍, എന്‍ വേണുഗോപാല്‍, സേവ്യര്‍ സായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഡൊമിനിക് പ്രസന്റേഷന്‍, വിഷ്ണു, പിവൈ ഷാജഹാന്‍, കൗണ്‍സിലര്‍ മാലിനി കുറിപ്പ് എന്നിവരാണ് മറ്റു പ്രതികള്‍. മാര്‍ഗ തടസം സൃഷ്ടിച്ചു, പൊതു ജനത്തിന് സ്വീകാര്യമാകാത്ത വിധം പ്രവര്‍ത്തിച്ചു, കൊവിഡ് മാനദണ്ഡം ലംഘിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ മറ്റൊരു കേസ് എടുത്തിട്ടുണ്ട്. ഇതില്‍ ക്രൈബ്രാഞ്ച് മൊഴിയെടുക്കല്‍ ആരംഭിച്ചു. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന എന്‍കെ സാജന്റെ മൊഴിയെടുക്കും. ജോജുവിന്റെ വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഈ കേസിലും പ്രതിയാണ്. വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

ജോജുവിന്റെ പരാതിയില്‍ വീണ്ടും അന്വേഷണം തുടരുകയാണ്. അടുത്തിടെ പ്രാബല്യത്തില്‍ വന്ന സ്വകാര്യ സ്വത്ത് നശിപ്പിക്കലിനെതിരായ നിയമപ്രകാരമാണ് കേസ്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. ജോജുവിന്റെ മൊഴിയും എടുത്തു. ജോജുവിന്റെ വാഹനം തകര്‍ത്തവരെ വീഡിയോ വഴി തിരിച്ചറിഞ്ഞു എന്നാണ് വിവരം. വനിതാ പ്രവര്‍ത്തകരും പ്രതികളാവുമെന്നാണ് സൂചന.

അതേസമയം, ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിച്ച് നാഗരാജു പറഞ്ഞു. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്. പ്രാഥമിക പരിശോധനയില്‍ കഴമ്പില്ല എന്നാണ് വ്യക്തമായത്. കൂടുതല്‍ പരിശോധന നടന്നുവരികയാണെന്നും കമ്മീഷണര്‍ വിശദീകരിച്ചു.
സിക്‌സ് പാക്കോ ഫാമിലി പാക്കോ; മസില്‍ പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ജോജു ജോര്‍ജ് കൈയ്യേറ്റത്തിന് ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരട് പോലീസില്‍ നല്‍കിയ പരാതി. ജോജു ജോര്‍ജ് അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ നല്‍കിയ പ്രതികരണം.

പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പോലീസിന്റെത് ഏകപക്ഷീയമായ നിലപാടാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. ജോജു നല്‍കിയ മൊഴി വ്യാജമാണെന്ന് ടോണി ചമ്മണി പ്രതികരിച്ചു. കേരളത്തില്‍ അക്രമ പരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസിന്റെ സമരത്തെ വിമര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ടതില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് നടന്‍ മദ്യപിച്ച് സംസാരിക്കുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications