മയപ്പെടുത്തി അന്‍വര്‍, എന്റെ ഉത്തരവാദിത്തം കഴിഞ്ഞു; ഇനി മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനും ആഭ്യന്തര വകുപ്പിനുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പിവി അന്‍വര്‍ എംഎല്‍എ. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ കണ്ട് എഴുതി കൊടുത്തുവെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം അവസാനിച്ചുവെന്നും അന്‍വര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു. തനിക്ക് പിന്നില്‍ ദൈവമല്ലാതെ മറ്റാരുമില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എഡിജിപിയെ മാറ്റണമോയെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും, പോരാട്ടം അവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി എന്റെ പരാതി കേട്ടു. വിശദീകരണങ്ങളും ചോദിച്ചു. പരാതികള്‍ എഴുതി നല്‍കിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

അജിത് കുമാറിനെ മാറ്റുക എന്നത് എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം, ആരെ വേണം എന്നതെല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കുകയെന്നും എംഎല്‍എ പറഞ്ഞു. പരാതി സിപഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൈമാറുമെന്ന് അന്‍വര്‍ പറഞ്ഞു.
ആരെ മാറ്റണമെന്ന കാര്യത്തില്‍ സര്‍ക്കാരും പാര്‍ട്ടിയുമാണ് തീരുമാനമെടുക്കേണ്ടത്. പോലീസിലുള്ള പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു സഖാവ് എന്ന നിലയ്ക്ക് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അന്വേഷണ സംവിധാനങ്ങളെ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ ഒരുക്കുമെന്നാണ് വിശ്വസിക്കുന്നത്. പോലീസിലെ ഒരു വിഭാഗം സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
നേരത്തെ എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ആരോപണങ്ങള്‍ അന്വേഷിക്കുക. സംഘത്തില്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരുമുണ്ട്.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും, വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അജിത് കുമാര്‍ പറഞ്ഞത്. ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം അടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ചത്.












Click it and Unblock the Notifications