കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങള്‍ ചോർത്തി; ഞാന്‍ കണ്ടു, ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് പ്രമുഖ തമിഴ് നടി രാധിക ശരത് കുമാർ. കാരവാനില്‍ രഹസ്യ ക്യാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങള്‍ പകർത്തിയെന്ന ഗുരുതര ആരോപണമാണ് നടി ഉയർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. രഹസ്യക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങള്‍ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുന്നുവെന്നും രാധിക പറയുന്നു.
'എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. കേരളത്തില്‍ ഞാന്‍ കണ്ട ഒരു കാര്യമുണ്ട്. സെറ്റിലൂടെ നടന്ന് പോകുമ്പോള്‍ കുറേ ആളുകള്‍ ചുറ്റും കൂടിയിരുന്ന് എന്തോ കണ്ട് ചിരിക്കുന്നു. ഞാനും അത് കണ്ടു. അപ്പോള്‍ ഞാന്‍ അവിടെ ഉള്ള ഒരാളെ വിളിച്ച് എന്താണ് എല്ലാവരും ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചു. എല്ലാ കാരവാനിലും ക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അവർ എടുത്തിരിക്കുന്നത് അപ്പോഴാണ് അറിയുന്നത്' രാധിക ശരത്കുമാർ പറയുന്നു.

ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഏത് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇത് നടന്നതെന്ന് ഞാന്‍ പറയില്ല. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. ആ സംഭവത്തോടെ കാരവാനില്‍ പോകുക എന്നത് വലിയ ഭയമായിരുന്നു. നമ്മളെ സംബന്ധിച്ച് കാരവാന്‍ ഒരു സ്വകാര്യ ഇടം ആണല്ലോ.
അപ്പോള്‍ തന്നെ ഞാന്‍ അവിടെ ശബ്ദം ഉയർത്തി. കാരവാനിനുള്ളില്‍ ഒരു ക്യാമറയെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് പറഞ്ഞു. ഭാഷയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. അതിന് ശേഷം കാരവാനിലേക്ക് പോകാതെ റൂമിലേക്കാണ് പോയതെന്നും രാധിക വ്യക്തമാക്കുന്നു.
ഉർവശിയുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. കേരള ഇന്‍ഡസ്ട്രിയില്‍ അങ്ങനെ ഒന്നുമില്ലെന്ന് അവർ പറയുന്നു. ഓക്കെ, അവർ കേരളത്തില്‍ നിന്നുള്ളവരാണ്. അവരുടെ ലൈവ്ലി ഹുഡ് അവിടെയാണ്. നാളെ ന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമോയെന്ന് അവർ ആലോചിച്ചിരിക്കാം. അവർ മികച്ച നടിയാണ്. എന്റെ അടുത്ത സുഹൃത്താണ്. പക്ഷെ ഈ വിഷയത്തില്‍ എനിക്ക് അവരുമായി വ്യത്യസ്ത അഭിപ്രായമുണ്ടെന്നും രാധിക കൂട്ടിച്ചേർക്കുന്നു.
നടൻ ശരത്കുമാറിന്റെ ഭാര്യയായ രാധിക രാഷ്ട്രീയത്തിലും സജീവമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ വിരുതുനഗർ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശരത്കുമാറിൻ്റെ പാർട്ടി അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാധിക ശരത്കുമാറിനെ ബിജെപി മത്സരരംഗത്തിറക്കിയത്.
അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായിരുന്ന വിജയകാന്തിൻ്റെ മകൻ വിജയ പ്രഭാകർ, കോണ്‍ഗ്രസ് നേതാവ് ബി മാണിക്കം ടാഗോർ എന്നിവരായിരുന്നു തിരഞ്ഞെടുപ്പില്‍ എതിരാളികള്‍. ഫലം പുറത്ത് വന്നപ്പോള്‍ മാണിക്കം ടാഗോർ വിജയിക്കുകയും രാധിക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications