രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം, നാലാംകിട പൗരനെന്നും പിവി അൻവർ; ന്യായീകരിച്ച് മുഖ്യമന്ത്രി
പാലക്കാട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്നും നാലാംകിട പൗരനായി മാറിയെന്നും പിവി അൻവർ ആരോപിച്ചു. പേരിനൊപ്പമുള്ള ഗാന്ധി കൂട്ടി വിളിക്കാൻ കഴിയാത്ത നിലയിലേക്ക് രാഹുൽ അധപതിച്ചെന്നും അൻവർ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അൻവറിന്റെ അധിക്ഷേപപരാമർശം. നേരത്തെ രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേ ആയിരുന്നു അൻവർ കടുത്ത ഭാഷയിൽ സംസാരിച്ചത്.

രാഹുൽ മോദിയുടെ ഏജന്റ് ആണോ എന്ന സംശയവും അൻവർ പ്രസംഗത്തിനിടെ ഉന്നയിക്കുകയുണ്ടായി. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് രാഹുലിനെ ലക്ഷ്യമിട്ട് കൊണ്ടുള്ള പിവി അൻവറിന്റെ നീക്കം എന്നതാണ് ശ്രദ്ധേയം. എന്തുകൊണ്ടാണ് ഇഡി പിണറായി വിജയനെ മാത്രം ജയിലിൽ അടയ്ക്കാത്തത് എന്ന രാഹുലിന്റെ ചോദ്യമാണ് ഇടത് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്.
ആലപ്പുഴ തിരിച്ചു പിടിക്കുമോ കെസി; എളുപ്പമല്ല കാര്യങ്ങൾ, ആരിഫ് മാത്രമല്ല വെല്ലുവിളി, ശോഭയും ഒരുങ്ങി തന്നെ
'പേരിനൊപ്പമുള്ള ഗാന്ധി എന്നത് കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. ഇത് ഞാൻ മാത്രം പറയുന്ന കാര്യമല്ല. നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്‌സിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്ക് ഈ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾളുടെ പോക്ക്' അൻവർ പറയുന്നു.
എന്നാൽ ഇതിന് പിന്നാലെ അൻവറിന്റെ പരാമർശത്തിന്റെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് രംഗത്തെത്തി. പറയുമ്പോൾ തിരിച്ച് അങ്ങോട്ടും കിട്ടുമെന്ന കാര്യം രാഹുൽ ഗാന്ധി ഓർക്കണം എന്നായിരുന്നു പിണറായിയുടെ മറുപടി. പിവി അൻവറിന്റെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തോടെ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
'പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കാൻ തരത്തിലുള്ള വ്യക്തിത്വം ഒന്നുമല്ല രാഹുലിന്റേത്. അദ്ദേഹത്തിന് കാര്യമായ മാറ്റം വന്നുവെന്നാണ് പല കോൺഗ്രസ് നേതാക്കളും പറയുന്നത്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്ന് അദ്ദേഹത്തിന് അനുഭവ സമ്പത്തുണ്ടായി. എന്നാൽ കേരളത്തിൽ വന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായി പോയി' പിണറായി വിജയൻ അൻവറിനെ ന്യായീകരിച്ചു.
'കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. അത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറയുന്നത് അതേപടി ആവർത്തിക്കുകയല്ല രാഹുൽ ചെയ്യേണ്ടത്.' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തിന് കീഴിൽ ഒരുമിച്ച് അണിനിരക്കുന്ന കോൺഗ്രസ്, സിപിഎം പാർട്ടികൾ കേരളത്തിൽ കടുത്ത ഭിന്നതയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രചരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം. കേരളത്തിൽ ഇരു പാർട്ടികളും ചേർന്ന് ആളുകളെ വിഡ്ഢികളാക്കുകയാണ് എന്നാണ് ബിജെപി ആരോപണം.












Click it and Unblock the Notifications