യൂത്ത് കോൺഗ്രസിനെ ഇനി രാഹുൽ മാങ്കൂട്ടത്തിൽ നയിക്കും; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി യുവ നേതാക്കന്മാരിലെ മുൻനിരക്കാരിൽ ഒരാളായ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മികച്ച വിജയമാണ് രാഹുൽ സ്വന്തമാക്കിയത്. 2,21,986 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തിൽ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കി 1,68,588 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തെത്തിയ അരിത ബാബുവിന് 31,930 വോട്ടുകളാണ് ലഭിച്ചത്.
അബിൻ, അരിത ബാബു എന്നിവർ ഉൾപ്പെടെ 10 പേർ വൈസ് പ്രസിഡന്റുമായി ചുമതല ഏറ്റെടുക്കും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ആകെ 7,29,626 വോട്ടുകളാണ് പോള്‍ രേഖപ്പെടുത്തിയത്. എന്നാൽ ഇതിൽ 2,16,462 വോട്ടുകൾ അസാധുവായിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംഘടനാ തിരഞ്ഞെടുപ്പ് വൈകിയിരുന്നു. ഇതിന് പുറമെ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള പരാതി കോടതി കയറിയതും തുടർ നടപടികള്‍ വൈകാന്‍ കാരണമായി.
എ ഗ്രൂപ്പ് നോമിനിയായാണ് രാഹുൽ മത്സരിച്ചത്. നീണ്ട ചർച്ചകൾക്കും, കൂടിയാലോചനകൾക്കും ശേഷമാണ് യുവനേതാവിന് നറുക്ക് വീണത്. ഷാഫി പറമ്പിലിന് പിൻഗാമിയായി ജനപ്രിയ മുഖമായ രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതോടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം കൈവരുമെന്നാണ് അണികളുടെ പ്രതീക്ഷ.












Click it and Unblock the Notifications