കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5000 കോടിയുടെ കടൽക്കൊള്ളയെന്ന് ചെന്നിത്തല, 'മേഴ്സിക്കുട്ടിയമ്മയുടെ കള്ളങ്ങൾ പൊളിയുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കൊള്ള സംബന്ധിച്ച് ഒന്നും അറിയില്ല എന്ന മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയുടെയും ഇപി.ജയരാജന്റെയും പ്രസ്താവനകൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടനിലകച്ചവടവും ഉപകരാറുകൾ വഴിയുള്ള അഴിമതിയുമാണ് ഇതിനു പിന്നിലെ ലക്ഷ്യം. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുകയാണ് എന്നും ചെന്നിത്തല പറഞ്ഞു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

''കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇ.എം.സി.സി.യ്ക്ക് തീറെഴുതിക്കൊടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ട വിവരം ഞാന്‍ ഇന്നലെ കൊല്ലത്ത് വച്ച് പുറത്ത് വിടുകയുണ്ടായി. ഇങ്ങനെ ഒരു കരാറിനെ കുറിച്ച് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്ന തരത്തിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ സംസാരിച്ചത്. വ്യവസായ മന്ത്രി ഇ.പി.ജയരാജനാകട്ടെ പ്രതിപക്ഷനേതാവ് എന്തൊക്കെയോ പറയുന്നു എന്നാണ് പ്രതികരിച്ചത്.
മന്ത്രിയും കമ്പനി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയുടെ ചിത്രം മാധ്യമങ്ങൾക്ക് ഇന്നു നൽകുകയുണ്ടായി. അമേരിക്കയിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങളും വൈകാതെ പുറത്തുവരും''.

''പ്രതിപക്ഷ നേതാവിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞതില്‍ എനിക്ക് പരിഭവമില്ല. സ്പ്രിംഗ്ളര്‍ തട്ടിപ്പു പുറത്തു കൊണ്ടുവന്നപ്പോഴും ഇ - മൊബിലിറ്റി തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് എനിക്ക് പ്രത്യേക മാനസികാവസ്ഥയാണ്, മനോനില തെറ്റിയിരിക്കുകയാണ് എന്നൊക്കെയായിരുന്നു. അവയെല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മേഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്''.

rc

'' ഇന്നലെ രാത്രി മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരിട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഞാനൊന്നും അറഞ്ഞില്ല, ഞാനൊന്നും കണ്ടില്ല, ഇങ്ങനെ ഒരു പദ്ധതി ഇല്ല എന്നാണ് അവര്‍ അപ്പോഴും പറഞ്ഞത്. 2018 ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് ഒരു യു.എന്‍ പരിപാടിക്കാണെന്നും അവിടെ വച്ച് വേറെ ആരുമായും ചര്‍ച്ച നടത്തിയിരുന്നില്ലെന്നുമാണ് മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, ചാനല്‍ പ്രതിനിധികള്‍ അപ്പോള്‍ തന്നെ ഇ.എം.സി.സി. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വിളിച്ചു ചോദിച്ചപ്പോള്‍ അവിടെ വച്ച് മേഴ്സിക്കുട്ടിയമ്മയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് അവർ പറഞ്ഞത്. പച്ചക്കള്ളം പറയുന്നത് ഒരു ജനപ്രതിനിധിക്ക്, അതും മന്ത്രിക്ക് ചേർന്നതല്ല എന്നു മാത്രമേ പറയാനുള്ളൂ''.

'' ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നതിനും വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ട്. ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് സാജു വര്‍ഗ്ഗീസ് വ്യവസായ മന്ത്രി ഇ.പി.ജയരാജന് ഈ മാസം 11 ന് നല്‍കിയ കത്താണ് ഞാന്‍ ഇന്നലെ കൊല്ലത്ത് പുറത്തുവിട്ടത്. 5000 കോടി രൂപയുടെ ഈ പദ്ധതി മന്ത്രിസഭയില്‍ വയ്ക്കണമെന്നും കഴിയുന്നത്ര വേഗം അംഗീകാരം നല്‍കണമെന്നും പദ്ധതിയ്ക്കുള്ള മറ്റു ക്ലിയറന്‍സുകള്‍ വേഗത്തില്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് ഈ കത്ത്.ആ കത്തില്‍ റഫറന്‍സ് നമ്പര്‍ രണ്ടായി പറയുന്നത് തന്നെ 2018 ല്‍ ഏപ്രിലില്‍ ന്യുയോര്‍ക്കില്‍ വച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചാണ്''.

''സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3/8/2019 ല്‍ സമര്‍പ്പിച്ച കോണ്‍സെപ്ററ് നോട്ടും ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2019 ആഗസ്റ്റ് രണ്ടിന് ഇ.എം.സി.സി. പ്രസിഡന്റ് നല്‍കിയ കത്തും കൂടുതൽ തെളിവുകളാണ്. ഈ രണ്ട് രേഖകളിലും മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചര്‍ച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നു.ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച പദ്ധതി രേഖയെപ്പറ്റിയും ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൊടുത്ത കത്തിനെപ്പറ്റിയും മന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. എന്തുമാത്രം ഗൗരവത്തോടെയാണ് ഈ പ്രോജക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതെന്ന് ഈ പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി. അധികൃതര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ സംസ്ഥാന ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി 2019 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. അതിനു ശേഷം ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി ഇ.എം.സി.സി. അധികൃതര്‍ 2019 ജൂലയില്‍ ചര്‍ച്ച നടത്തുന്നു.2019 ഒാഗസ്റ്റിന് ഡീറ്റൈയില്‍ഡ് കോണ്‍സെപ്റ്റ് ലെറ്റര്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നു''.

''2020 ഫെബ്രുവരിയില്‍ കൊച്ചിയിലെ അസന്റില്‍ വച്ച് ഇ.എം.സി.സി.യും കേരള സര്‍ക്കാരും 5000 കോടിരൂപയുടെ പദ്ധതിക്കുള്ള MOU ഒപ്പിടുന്നു. മാർച്ച് പത്തിന് പദ്ധതിക്കായി പള്ളിപ്പുറത്തെ മെഗാ പാര്‍ക്കില്‍ നാലേക്കര്‍ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.സി.സി. സര്‍ക്കാരിന് കത്തു നല്‍കുന്നു. പിന്നാലെ കമ്പനിക്ക് നാലേക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ട് കെ.എസ്.ഐ.ഡി.സി. ഉത്തരവാകുന്നു.400 ആഴക്കടല്‍ ട്രോളറുകളും അഞ്ച് ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകളും ഏഴ് മത്സ്യബന്ധന തുറമുഖങ്ങളും, സംസ്‌ക്കരണ പ്ലാന്റും സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇ.എം.സി.സി. കരാര്‍ ഒപ്പിടുന്നു''.

'' ഇത്രയും കാര്യങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നത് ഒരു പദ്ധതിയുമില്ല, ഞങ്ങളൊന്നും അറിഞ്ഞിട്ടുമില്ല എന്നാണ്.ആരെയാണ് ഇവർ കബളിപ്പിക്കാൻ നോക്കുന്നത് ? മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന സ്ഥാപനമാണ് കെ.എസ്.ഐ.എന്‍.സി. അദ്ദേഹത്തിന്റെ സ്വന്തം ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ആണ് ഈ ചെറിയ സ്ഥാപനത്തിന്റെ ചെയർമാൻ. മന്ത്രി പറഞ്ഞതുപോലെ ഇവർക്ക് ഇത്രയും കപ്പലുകളും ട്രോളറും ഉണ്ടാക്കാനുള്ള കപ്പാസിറ്റിയില്ല. സർക്കാർ മേൽ വിലാസത്തിൽ കരാറുണ്ടാക്കി കമ്മിഷനടിക്കുകയാണ് ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തം.ഈ സര്‍ക്കാരിലെ മറ്റു തട്ടിപ്പുകള്‍ എന്ന പോലെ സംശയത്തിന്റെ സൂചിമുന നീണ്ടു ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണ്''.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

'' നുണ ആവർത്തിക്കുന്ന ഫിഷറീസ് മന്ത്രി ഇനിയെങ്കിലും പറയണം. 2018 ഏപ്രിലില്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയോ? ഈ സന്ദര്‍ശനത്തിന്റെ പിറ്റേ വര്‍ഷം പുറത്തിറക്കിയ പുതിയ ഫിഷറീസ് പോളിസിയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും എന്ന തരത്തിലുള്ള നയവ്യതിയാനം ഉണ്ടായത് യാദൃശ്ചികമാണോ? ഈ നയവ്യതിയാനം കാരണമല്ലേ ഇ.എം.സി.സിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള പടുകൂറ്റന്‍ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ കഴിഞ്ഞത്? കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ ഈ നയവ്യതിയാനം എങ്ങനെയാണ് വന്നത്?''

''ഫെബ്രുവരിയിൽ അസന്റില്‍ വച്ച് ഇ.എം.സി.സി.യുമായി സംസ്ഥാന സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരാണാപത്രം ഒപ്പിട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ധാരണാ പത്രം പുറത്തുവിടാന്‍ ധൈര്യമുണ്ടോ?കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഇ.എം.സി.സി.ക്ക് നാലു ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തിന് വേണ്ടി? ഈ മെഗാ പ്രോജക്ടിന്റെ ഭാഗമായിട്ടല്ലേ അത്? ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തു വിടാമോ? കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇത്തരം ഒരു തീരുമാനം ഇനിയെങ്കിലും സർക്കാർ തിരുത്തണം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം''.

English summary
Ramesh Chennithala against J Mercykutty Amma over Deep Sea fishing deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X