'കൊച്ചിന്റെ അഡ്‌മിഷന് വേണ്ടി അടുത്ത മാസം വരേണ്ടതായിരുന്നു'; സാബുവിന്റെ മരണത്തിൽ തളർന്ന് കുടുംബം
കൊല്ലം: വെളച്ചിക്കാലയിലെ ലൂക്കോസ് എന്ന സാബുവിന്റെ വീട്ടിലേക്ക് ഇന്നലെ രാവിലെയോടെയാണ് കുവൈത്തിലെ അപകടവിവരം എത്തുന്നത്. എന്നാൽ സാബു സുരക്ഷിതനാണ് എന്ന് തന്നെയായിരുന്നു പിതാവിന്റെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും വിശ്വാസം. ഒടുവിൽ വൈകീട്ടോടെയാണ് വടക്കോട്ട് വിളയിൽ വീട്ടിൽ ആ ദുരന്ത വാർത്ത അറിഞ്ഞത്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ അതൊരു മരണവീടായി. പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് നേടിയ സാബുവിന്റെ മകളുടെ അഡ്‌മിഷൻ ശരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു ആ കുടുംബം. ബാംഗ്ലൂരിൽ നഴ്‌സിംഗ് പഠനത്തിന് മകളെ അയക്കാൻ എല്ലാ തയ്യാറെടുപ്പുകളും സാബു നടത്തിയിരുന്നു, അതിനായി അടുത്ത മാസം നാട്ടിലേക്ക് വരാനും തീരുമാനിച്ചിരുന്നു.

എന്നാൽ വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നു. സാബുവിന്റെ മരണ വാർത്ത അറിഞ്ഞ ആഘാതത്തിൽ തളർന്നു വീണ പിതാവ് ഇതുവരെയും എഴുന്നേറ്റിട്ടില്ല. മരണ വാർത്ത അദ്ദേഹത്തെ ആകെ ഉലച്ചു കളഞ്ഞു. തന്റെ ഏഴ് മക്കളിൽ ഏറ്റവും ഇളയവനാണ് സാബുവെന്ന് പറയുമ്പോഴും മകനോടുള്ള ആത്മബന്ധം ആ പിതാവിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
'രാവിലെ അറിഞ്ഞിരുന്നു. എന്താണ് ഏത് രീതിയിലാണെന്ന് ഒന്നും അറിയില്ലായിരുന്നു. രാവിലെ മകന്റെ ഭാര്യ ഭാര്യ വിളിച്ച് എന്തോ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞു. എന്നും രാവിലെ വിളിക്കാറുണ്ടായിരുന്നു. ഇന്നലെ പക്ഷേ ഫോൺ എടുത്തിരുന്നില്ല. അവിടെ ഇവരെ അറിയുന്ന ആളുകൾ ഉണ്ട്. അവരെയൊക്കെ വിളിച്ച് തിരക്കിയിരുന്നു. എന്തോ ചെറിയ പ്രശ്‌നം ഉണ്ട്, അത് എന്താണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്.' സാബുവിന്റെ പിതാവ് പറഞ്ഞു.
'വൈകുന്നേരത്തോടെ വിവരം അറിഞ്ഞു. അപകടമാണെന്ന് അതിന് മുൻപേ തന്നെ അറിഞ്ഞിരുന്നു. എന്റെ ഏഴ് മക്കളിൽ ഇളയവനാണ് സാബു. രണ്ട് പെണ്മക്കളായിരുന്നു അവന്. അവസാനമായി നാട്ടിൽ വന്നിട്ട് ഒരു വർഷമായി. അവന്റെ മകളുടെ അഡ്‌മിഷന് വേണ്ടി നാളെ ബാംഗ്ലൂരിൽ കൊണ്ട് പോവാനിരിക്കുകയായിരുന്നു' അദ്ദേഹം പറയുന്നു.
സ്വജീവിതം കരുപിടിപ്പിക്കാനായി അന്യനാട്ടിൽ ജീവിതം പറിച്ചുനട്ട അനേകം മലയാളികളിൽ ഒരാളായിരുന്നു സാബുവും. കുവൈത്തിൽ എത്തിയിട്ട് പതിനെട്ട് വർഷത്തിൽ അധികമായി എന്നാണ് ബന്ധുക്കൾ പറയുന്നത്. കൊല്ലത്തെ സാബുവിന്റെ വീട്ടിലേക്ക് മരണവിവരമറിഞ്ഞ് ബന്ധുക്കൾ ഒഴുകിയെത്തുകയാണ്.
കൊല്ലത്തെ കുടുംബ വീട്ടിലെ ചുമരിൽ നിറയെ സാബുവിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ്. ഭാര്യയും മക്കളും പിതാവും മാതാവും ഒക്കെയായി ഒരുമിച്ച് നിൽക്കുന്ന സന്തോഷം നിറഞ്ഞ ചിത്രങ്ങൾ. ഇനി അതിനോട് ചേർന്ന് ഒറ്റയ്ക്ക് ഒരു ചിത്രം മാത്രമായി സാബുവും മാറുമെന്ന് ഉൾക്കൊള്ളാൻ ആ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല, അത് സാബുവിന്റെ പിതാവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.












Click it and Unblock the Notifications