സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാർ ചെയ്‌ത നടപടി റദ്ദാക്കി ഹൈക്കോടതി, അഡ്‌മിഷൻ വിലക്കും നീക്കി
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാർ ചെയ്‌ത നടപടി റദ്ദാക്കി ഹൈക്കോടതി. സർവകലാശാല നടപടിയാണ് കോടതി റദ്ദാക്കിയത്. പ്രതികളായ വിദ്യാർത്ഥികൾക്ക് നേരത്തെ മൂന്ന് വർഷം പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതും ഹൈക്കോടതി എടുത്തുകളഞ്ഞു. കേരള ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
സർവകലാശാലയിലെ ആന്റി റാഗിങ് സ്‌ക്വാഡിനോട് പുതിയ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പൂർത്തിയാവുന്നത് വരെ പ്രതികൾക്ക് പഠനത്തിനുള്ള അവസരം നൽകാനാണ് കോടതി നിർദ്ദേശിച്ചത്. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് സർവകലാശാലയോട് കോടതി അറിയിച്ചത്.

കേസിലെ പ്രതികളായ വിദ്യാർത്ഥികളുടെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവകലാശാല നടപടി എടുത്തതെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. വിദ്യാർത്ഥികളുടെ ഹർജി അംഗീകരിച്ചു കൊണ്ടാണ് കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടതും നടപടികൾ റദ്ദാക്കിയതും.
ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സംഭവമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണം. ഈ വർഷം ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ പിന്നീട് വ്യാപക പ്രതിഷേധം ഉയരുകയും സിദ്ധാർത്ഥന്റെ കുടുംബം പരാതിയുമായി രംഗത്ത് വരികയും ചെയ്‌തിരുന്നു.
സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പരസ്യ വിചാരണയ്ക്കും സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനും വിധേയമായി എന്നാണ് ആരോപണം. ഈ സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തതോടെയാണ് സർവകലാശാല നടപടി സ്വീകരിച്ചത്.
നേരത്തെ 29 മണിക്കൂറോളം സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേസിൽ പിന്നീട് സിബിഐയാണ് അന്വേഷണം നടത്തിയത്. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് രംഗത്ത് വന്നിരുന്നു. കേസിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് സിദ്ധാർത്ഥന്റെ പിതാവ് ആരോപിച്ചിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.












Click it and Unblock the Notifications