മദ്യലഹരിയിൽ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു
സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബര്‍ 24 ന് രാത്രി കോട്ടയത്ത് വെച്ചാണ് അപകടം നടന്നത്. മദ്യലഹരിയില്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ സിദ്ധാർത്ഥ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിൻ്റെ വീഡിയോ നേരത്തേ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇയാളെ ആളുകൾ കെട്ടിയിട്ടിരുന്നു.. ഒടുവിൽ പോലീസ് എത്തി സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടയിൽ പോലീസിനേയും ഇയാൾ ആക്രമിച്ചു.
അമിത വേഗതയിലായിരുന്നു സിദ്ധാർത്ഥിൻ്റെ വാഹനം എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവത്തിൽ സിദ്ധാർത്ഥിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. നിരവധി പേർ സിദ്ധാർത്ഥിൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിന് താഴെ രൂക്ഷമായ ഭാഷയിൽ കമൻ്റുകൾ ഇട്ടിരുന്നു. ഇതോടെ സിദ്ധാർത്ഥ് തൻ്റെ അക്കൌണ്ടുകൾ പൂട്ടി.
സംഭവത്തിൽ ഇതുവരെ സിദ്ധാർത്ഥോ ഇയാളുമായി ബന്ധപ്പെട്ടവരെ പ്രതികരിച്ചിട്ടില്ല. അപകടം ഉണ്ടായതിന് പിന്നാലെ തന്നെ സിദ്ധാർത്ഥിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള നീക്കങ്ങൾ മോട്ടർവാഹന വകുപ്പ് ആരംഭിച്ചിരുന്നു. തങ്കരാജിൻ്റെ മരണത്തോടെ ഇനി സിദ്ധാർത്ഥിന് മേൽ കൂടുതൽ വകുപ്പുകൾ പോലീസ് ചുമത്തിയേക്കും.
തട്ടീം മുട്ടീം എന്ന സിറ്റ്കോമിലൂടെ ബാലതാരമായാണ് സിദ്ധാർത്ഥ പ്രഭു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ ഉപ്പും മുളകും എന്ന സിറ്റ്കോമിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകുന്നതിനിടയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications