മഠത്തില്‍ മുറിയുടെയും കുളിമുറിയുടെയും സമീപം ക്യാമറകള്‍: ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
കല്‍പ്പറ്റ: വയനാട് കാരയ്ക്കാമലയിലെ കോണ്‍വെന്റിലെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഭക്ഷണം തരാത്ത അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ പല സ്ഥലത്തും പരാതി നല്‍കിയിട്ടുണ്ട്. ഒരു വസ്തുവും, ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. പൊതുവായിട്ടുള്ള എല്ലാ വസ്തുക്കളും ഇവിടെ അടച്ച് വെച്ചിരിക്കുകയാണ്. തനിക്ക് ഉപയോഗിക്കാന്‍ പോലും പറ്റുന്നില്ലെന്ന് സിസ്റ്റര്‍ ആരോപിച്ചു.
പക്ഷേ പ്രശ്‌നങ്ങളും ദുരിതങ്ങളും ഒന്നു കൊണ്ട് തീരുകയല്ല. എല്ലാം ഒന്നൊന്നായി വരികയാണ്. ഇങ്ങനെ പരസ്യമായി രംഗത്ത് വരേണ്ട സാഹചര്യം കൊണ്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.

മഠത്തിലെ മുറിയുടെയും കുളിമുറിയുടെയും സമീപം ക്യാമറകള്‍ വെച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവും ലൂസി കളപ്പുരയ്ക്കല്‍ ഉന്നയിച്ചു. മനുഷ്യത്വരഹിതമായ നടപടികളില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സത്യാഗ്രഹം തുടങ്ങുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. എന്നെ മനപ്പൂര്‍വം ദ്രോഹിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതോടെ അവര്‍ അത് അവസാനിപ്പിക്കണം.
കോടതി വിധിയെ മാനിച്ച് എന്നെ ഒരു വ്യക്തിയായിട്ട് എന്നെ കാണണം. അവര്‍ അനുഭവിക്കുന്ന അതേ ആനുകൂല്യം ഈ മഠത്തിലും, മഠത്തിന്റെ പറമ്പില്‍ എനിക്കും അവകാശപ്പെട്ടതാണ്. പോലീസിലും ഉന്നത കേന്ദ്രങ്ങളിലും ഞാന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.
എന്റെ മുറിയുടെയും കുളിമുറിയുടെയും ഇടയില്‍ രണ്ട് ക്യാമറകളാണ് ഉള്ളത്. നേരത്തെ ഒരു ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. ഒരാഴ്ച്ച മുമ്പ് ഒരു ക്യാമറ കൂടി കൊണ്ടുവന്ന് സ്ഥാപിച്ചു. രണ്ട് മീറ്റര്‍ അകലെയാണിത്. എന്ത് ദുരുദേശ്യമാണ് ഇതിനുള്ളത്. എന്റെ മുറുക്കുള്ളില്‍ ബാത്‌റൂമില്ല. അതിന് പുറത്താണ്.
നമ്മള്‍ രാത്രിയൊക്കെ പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടിലെ സ്വകാര്യ വസ്ത്രങ്ങളൊക്കെ ധരിക്കുമായിരിക്കും. അതൊരു അസൗകര്യമാണ്. രണ്ട് ക്യാമറകള്‍ അവിടെ സ്ഥാപിച്ചത് സ്വകാര്യതയ്ക്ക് എതിരെയുള്ളതാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ആരോപിച്ചു.












Click it and Unblock the Notifications