'മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്‌തു, ഭീഷണിപ്പെടുത്തി'; ഗുരുതര ആരോപണവുമായി വീട്ടമ്മ
മലപ്പുറം: മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനെതിരെ പീഡന പരാതിയുമായി വീട്ടമ്മ രംഗത്ത്. സുജിത് ദാസും മറ്റ് ചില പോലീസ് ഉദ്യോഗസ്ഥരും തന്നെ ബലാത്സംഗം ചെയ്‌തുവെന്നാണ് വീട്ടമ്മയുടെ ഗുരുതര ആരോപണം. തിരൂര്‍ മുന്‍ ഡിവൈഎസ്‌പി വിവി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ലൈംഗികമായി ചൂഷണം ചെയ്‌തതായി യുവതി റിപ്പോർട്ട് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
സുജിത് ദാസ് രണ്ടു തവണ തന്നെ ബലാത്സംഗം ചെയ്‌തുവെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. എന്നാൽ പരാതി പറയരുതെന്ന് എസ്‌പി ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിൾ ആണെന്നാണ് പറഞ്ഞതെന്നും വീട്ടമ്മ ആരോപിച്ചു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നുവെന്നും അത് കസ്‌റ്റംസിലെ ഉയർന്ന പദവിയിൽ ഇരിക്കുന്ന ആളാണെന്നും വീട്ടമ്മ പറഞ്ഞു.

2022ലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. വസ്‌തു സംബന്ധമായ ഒരു പ്രശ്‌നം പരിഹരിക്കാനായിരുന്നു യുവതി പോലീസിനെ സമീപിച്ചത്. തുടർന്ന് അന്നത്തെ പൊന്നാനി സിഐ ആയിരുന്ന വിനോദിനായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി ഇപ്പോൾ വെളിപ്പെടുത്തിയത്.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്. ക്രൂരമായ ബലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും അവർ ആരോപിക്കുന്നുണ്ട്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും അതിനാൽ മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നുമാണ് അവർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. സുജിത് ദാസ് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പിവി അന്‍വറിനെ സ്വാധീനിക്കാൻ സുജിത് ദാസ് ശ്രമിച്ചുവെന്ന് വ്യക്തമാവുന്ന ഫോൺ സംഭാഷണം അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ പീഡന ആരോപണവും ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സുജിത് ദാസിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. സുജിത് ദാസിനെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് സാധ്യത എന്നാണ് നിലവിലെ വിവരം. ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇതുവരെ സർക്കാർ നടപടി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications