നാടെങ്ങും ശ്രീകൃഷ്‌ണ ജയന്തി ആഘോഷ നിറവിൽ; ഗുരുവായൂരിൽ ഭക്തജന തിരക്ക്, ആറന്മുളയിൽ വള്ളസദ്യ
തൃശൂർ: നാടെങ്ങും ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ നിറവിൽ. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശേഷാൽ പൂജകളും പ്രത്യേക ചടങ്ങുകളുമാണ് നടക്കുന്നത്. കേരളത്തിലും ആഘോഷങ്ങൾക്ക് കുറവില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കണ്ണനെ ഒരുനോക്ക് കാണാനായി ഇവിടേക്ക് എത്തിയിരിക്കുന്നത്.
ജന്മാഷ്‌ടമി ദിനത്തിലെ ഗുരുവായൂർ യാത്ര അതിവിശേഷമാണെന്നാണ് പറയാറുള്ളത്. ശ്രീകൃഷ്‌ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂജകളാണ് ഗുരൂവായൂരിൽ നടക്കുന്നത്. രാവിലെ 9 മണിക്ക് പ്രസാദം ഊട്ട് ആരംഭിച്ചിരുന്നു. എല്ലാ വർഷവും ശ്രീകൃഷ്‌ണന്റെ ജന്മനാളായ അഷ്‌ടമിരോഹിണി നാളിൽ പ്രത്യേകത പ്രസാദ ഊട്ടാണ് നടത്താറുള്ളത്. ഗുരുവായൂരപ്പന് നേദിച്ച പാൽപായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭക്തർക്ക് വിളമ്പും.

ഇന്ന് വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ സാംസ്‌കാരിക സമ്മേളനവും നടക്കുന്നുണ്ട്. അഞ്ച് മണിയ്ക്ക് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ദേവസ്വംമന്ത്രി വിഎൻ വാസവനാണ് ഉദ്ഘാടനം ചെയ്യുക. കുഞ്ഞു കൃഷ്‌ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്നുളള വൈവിധ്യമാർന്ന കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. രാത്രി 7.30 മുതൽ സംഗീത നൃത്ത നാടകവും രാത്രി പത്ത് മണി മുതൽ കൃഷ്‌ണനാട്ടവും ഇവിടെ അരങ്ങേറും.
അതേസമയം, ഏറെ പ്രസിദ്ധമായ ആറന്മുളയിലെ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11ന് ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഭഗവാന് സദ്യ സമർപ്പിക്കുക. അതിനായി സുരേഷ് ഗോപി ക്ഷേത്രത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. തൊഴുത ശേഷം ക്ഷേത്ര പരിസരത്ത് തന്നെ തുടരുകയാണ് അദ്ദേഹം.
52 കരകളിലെ നാഥന്മാരടക്കം അൻപതിനായിരത്തോളം പേർ ഇന്നത്തെ വള്ള സദ്യയിൽ പങ്കെടുത്തേക്കും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലം വരെയുള്ള സ്ഥലത്താണ് കരനാഥന്മാർക്ക് സദ്യ വിളമ്പുക. ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ വിളമ്പാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
44 കൂട്ടം വിഭവങ്ങളാണ് സദ്യക്കായി തയ്യാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പടെ 350ലേറെ പേർ ചേർന്നാണ് പാചകം ചെയ്യുന്നത്. ഇവർക്കൊപ്പം പള്ളിയോടെ കരക്കാരും സഹായത്തിനുണ്ടാവും. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന സദ്യയിൽ 60,000 പേർക്കും ക്ഷേത്രത്തിന് പുറത്ത് 10,000 പേർക്കുമാണ് കഴിക്കാൻ സൗകര്യം ഒരുക്കുക.












Click it and Unblock the Notifications