ട്രെയിനിന് നേരെ കല്ലേറ്, കണ്ണൂരില്‍ 12 കാരിക്ക് പരിക്ക്: ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാർ
കണ്ണൂർ: കണ്ണൂരില്‍ ട്രെയിനിന് നേരയുണ്ടായ കല്ലേറില്‍ പന്ത്രണ്ട് വയസുകാരിക്ക് പരിക്കേറ്റു. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസിൽ കുടുംബാംഗങ്ങളോടൊപ്പം കോട്ടയത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
താഴെചൊവ്വയ്ക്കും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു കല്ലേറ്. S10 കോച്ചിൽ 49 ാം നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് ട്രെയിന്‍ ചങ്ങല വലിച്ച് നിർത്തി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുറത്തേക്ക് നോക്കിയിരുന്ന് തിരിയുന്നതിനിടയിലാണ് കല്ല് കീർത്തനയുടെ തലയില്‍ വന്ന് പതിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് നോക്കുമ്പോഴേക്കും തലയില്‍ നിന്നും ചോരയൊഴുകി തുടങ്ങിയിരുന്നു. ഭാഗ്യത്തിന് മാത്രമാണ് കണ്ണിന് പരിക്കേല്‍ക്കാതിരുന്നത്. ബഹളം കേട്ട് ടിടിയും റെയില്‍ പോലീസും കോച്ചിലേക്ക് ഓടിയെത്തി. റെയില്‍വേ ജീവനക്കാർ ഉടന്‍തന്നെ മരുന്നുകള്‍ എത്തിച്ചതോടെ സഹയാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനി ട്രെയിനിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.
എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

ഇതിനിടയില്‍ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിർത്തുകയും ചെയ്തു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പിന്നീട് യാത്ര തുടർന്നത്. ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയപ്പോള്‍ അച്ഛന്‍ രാജേഷിനും അമ്മ രഞ്ജിനിക്കുമൊപ്പം കീർത്തനയെ അവിടെ ഇറക്കി.

ഉടന്‍ തന്നെ കുട്ടിയുമായി ഇവർ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തലശ്ശേരിയിലെ സ്റ്റേഷൻ മാസ്റ്ററും ആർ പി എഫ് ഉദ്യോഗസ്ഥരും കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം 9.15നു തലശ്ശേരിയിൽ എത്തിയ മലബാർ എക്സ്പ്രസിൽ മൂവർക്കും റെയിൽവേ കോട്ടയത്തേക്ക് പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തി നല്‍കി.

കല്ലേറുണ്ടായ പ്രദേശത്ത് ആർ പി എഫും റെയില്‍ വേ പൊലീസും ചേർന്ന് ഇന്നലെ തന്നെ പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയിൽ ട്രെയിനു നേരെ കല്ലെറിയുന്നതായുള്ള നിരവധി റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ട്രാക്കില്‍ കല്ല് നിരത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ അടുത്തിടെ മാത്രം 5 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 30ന് ഉള്ളാൾ സ്റ്റേഷനു സമീപം ട്രെയിനിന് കല്ലേറുണ്ടായിരുന്നു. ആ സംഭവത്തില്‍ സ്കൂള്‍ വിദ്യാർത്ഥികളായിരുന്നു പിടിയിലായത്.

കഴിഞ്ഞ മാസം ആലപ്പുഴയിലും ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആലപ്പുഴ- എറണാകുളം തീരദേശ റെയിൽ പാതയിൽ എറണാകുളം- ആലപ്പുഴ മെമുവിൽ യാത്ര ചെയ്യുമ്പോള്‍ ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ഷാജിക്കായിരുന്നു കല്ലേറില്‍ പരിക്കേറ്റത്. സംഭവത്തില്‍ റെയിൽവേ അധികൃതർക്കും ആർ പി എഫിനും പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടന്നെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications